കൊറോണ ; കേരളാ പൊലീസിന്റെ ജോലി സമയത്തില്‍ മാറ്റം

കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസിന്റെ ഷിഫ്റ്റില്‍ മാറ്റം വരുത്തുന്നു. പൊലീസുകാരെ മൂന്ന് ഷിഫ്റ്റുകളായി തിരിക്കാനാണ് നിര്‍ദ്ദേശം. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള പൊലീസുകാരെ മൂന്ന് ഷിഫ്റ്റുകളായി തിരിക്കാനാണ് തീരുമാനം. അതായത് സ്റ്റേഷനുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ അംഗബലം ഈ സംവിധാനത്തോടെ നേര്‍ പകുതിയാകും. രണ്ട് ഷിഫ്റ്റ് ഒരുമിച്ച് ചെയ്യാനുള്ള അവസരവും പരിഗണിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നമേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് തിങ്കളാഴ്ച്ച പുറത്തിറങ്ങിയേക്കും.

വിവിധ സേനകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ കേരള പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പോലീസിന്റെ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവര്‍ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍തന്നെ മേലധികാരികളെ അറിയിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.

സാമൂഹിക അകലം ഉള്‍പ്പെടെയുളള കോവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇവയില്‍ മികവ് പുലര്‍ത്തുകയും മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.