കൊറോണ ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച മാത്രം മരിച്ചത് എട്ടുമലയാളികള്‍

രാജ്യത്തിനു പുറത്തു കൊറോണ കാരണം മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നുമാത്രം കൊറോണ ബാധിച്ച് എട്ട് മലയാളികള്‍ കൂടി മരിച്ചു. യുഎഇയില്‍ മൂന്നുപേരും കുവൈറ്റില്‍ രണ്ട് പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 86 ആയി.

അജ്മാനില്‍ കോവിഡ് ബാധിച്ച് കെ സി ചനോഷ് (36) മരിച്ചു. അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56 ), കാസര്‍ഗോഡ് തലപ്പാടി സ്വദേശി അബ്ബാസ് ( 45) എന്നിവര്‍ അബുദാബിയില്‍ മരിച്ചു. മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ (65) കോവിഡ് ബാധിച്ചു കുവൈറ്റില്‍ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി സി അഷ്‌റഫ് (55) എന്ന പ്രവാസി മലയാളിയും ഇന്ന് കുവൈറ്റില്‍ മരിച്ചു.

കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള കോവിഡ് 19 ബാധിച്ചു റിയാദില്‍ മരിച്ചു. ഈ മാസം മൂന്നാം തീയതി മുതല്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രണ്ടു മലയാളികളുടെ മരണങ്ങള്‍ കോവിഡ് കാരണമാണ് എന്ന് ഇന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണ പിള്ള , തൃക്കരിപ്പൂര്‍ കൈകൊട്ട് കടവ് പൂവളപ്പ് സ്വദേശി അബ്ദു റഹ്മാന്‍ മൂപ്പന്റകത്ത് എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.