സൈക്കിള്‍ മോഷ്ടിച്ച് കുടിയേറ്റ തൊഴിലാളി ; ഹൃദയം നോവിക്കുന്ന ക്ഷമാപണക്കത്ത് വൈറല്‍

നാട്ടില്‍ പോകാന്‍ സൈക്കിള്‍ മോഷ്ടിച്ച മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്ന കുടിയേറ്റ തൊഴിലാളിയുടെ കത്താണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സൈക്കിള്‍ മോഷ്ടിച്ചതിനു ശേഷം ഒരു ക്ഷമാപണക്കത്തും ഇഖ്ബാല്‍ ഖാന്‍ അവിടെ വെച്ചു. രാജസ്ഥാനിലെ ഭരത്പുരില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബറേലിയിലേക്കായിരുന്നു ഇഖ്ബാല്‍ ഖാന്റെ യാത്ര. ആകെ 250 കിലോമീറ്റര്‍.

കൂടെ ഭിന്നശേഷിക്കാരനായ, നടക്കാന്‍ കഴിയാത്ത മകന്‍ കൂടി ഉള്ളതിനാല്‍ ഈ 250 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യാനാവില്ല. അങ്ങനെയാണ് ഇഖ്ബാല്‍ ഖാന്‍ സൈക്കിള്‍ മോഷ്ടിച്ചത്. അയല്‍ വീട്ടുകാരനായ സാഹിബ് സിങിന്റെ ഉമ്മറത്തിരുന്ന പഴയ സൈക്കിള്‍ പാത്രിരാത്രിയില്‍ മോഷ്ടിച്ചു. പകരം അയാള്‍ അവിടെയൊരു കത്തു വച്ചു.

നമസ്‌കാരം, ഞാനാണ് അപരാധി. ഒരു തൊഴിലാളിയാണ്, നിസ്സഹായനാണ്. ഞാന്‍ നിങ്ങളുടെ സൈക്കിള്‍ എടുക്കുകയാണ്. ക്ഷമിക്കുക. നടക്കാന്‍ കഴിയാത്ത എന്റെ ഭിന്നശേഷിക്കാരനായ മകനുമായി നാട്ടിലെത്താന്‍ മറ്റു വഴികളൊന്നുമില്ല. ഞങ്ങള്‍ക്ക് ബറേലി വരെ പോക്കേണ്ടതുണ്ട്’ കത്തില്‍ അയാള്‍ പറയുന്നു. രാജ്യത്ത് പലയിടങ്ങിളിലായി പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നത്. അവരില്‍ പലരുടെയും കഥ കരളലിയിക്കുന്നതാണ്.