കൊറോണ വൈറസ് ബാധ തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍

കൊറോണ വൈറസ് ബാധ തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. വൈറസ് മനുഷ്യ ശരീരകോശങ്ങളെ ബാധിക്കുന്നത് തടയാനുള്ള രണ്ട് ആന്റിബോഡി കണ്ടെത്തിയതായി ആണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്നും കോവിഡ് ഭേദമാക്കുന്നതിന് ഫലപ്രദമാകുന്ന വാക്സിന്‍ ആയി ഇത് വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബീജിങ് കാപിറ്റല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. യാന്‍ വുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

കോവിഡ് ബാധയുള്ള എലികളിലാണ് ഇവയുടെ പരീക്ഷണം നടത്തിയത്. രണ്ട് ആന്റിബോഡികളും എലികളില്‍ കുത്തിവെച്ച് മൂന്നു ദിവസത്തിനു ശേഷം നിരീക്ഷിച്ചപ്പോള്‍ വൈറസിന്റെ തോത് 32.8 ശതമാനം കുറഞ്ഞതായി കണ്ടു. എച്ച് 4 ബി 38 എന്നിവയല്ലാത്ത ആന്റിബോഡികള്‍ കുത്തിവെച്ച എലികളുടെ ശ്വാസകോശങ്ങള്‍ ഈ കാലയളവില്‍ ഗുരുതരമായ കുഴപ്പങ്ങള്‍ നേരിടുകയും ചെയ്തു. ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തീര്‍ത്തും വ്യത്യസ്ത സ്വഭാവങ്ങളുള്ള എച്ച് 4, ബി38 എന്നീ ആന്റിബോഡികള്‍ കോവിഡിന് കാരണമാകുന്ന ‘സാര്‍സ് കോവ് 2 വൈറസ്’ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നതിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കോവിഡ് രോഗമുക്തനായ ഒരാളുടെ രക്തത്തിലാണ് ഇവ കണ്ടെത്തിയത്. രോഗം ഭേദമായവരുടെ പ്ലാസ്മയില്‍ കണ്ടെത്തിയ 14 ആന്റിബോഡികളില്‍ പെട്ടവയാണ് ഈ രണ്ടെണ്ണം. 14 ആന്റിബോഡിയും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയതിനെ തുടര്‍ന്നാണ് എച്ച് 4, ബി38 എന്നിവ ഫലപ്രദമാണെന്നു കണ്ടെത്തിയത്. ഇവയുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്നും കോവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിലേക്ക് ഇത് നയിക്കുമെന്ന് കരുതുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ കണ്ടെത്തിയ രണ്ട് ആന്റിബോഡികളും വൈറസിനെ പൊതിയുകയും പരസ്പരം ദോഷകരമായി ബാധിക്കാതെ നിര്‍വീര്യമാക്കുകയും ചെയ്യും.