പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

തൃശൂര്‍ പീച്ചി ഡാമില്‍ നിന്നു നാളെ വെള്ളം തുറന്നു വിടും. ഷട്ടറുകള്‍ തുറക്കുന്നതിന് പകരം റിവര്‍ സ്ലൂയിസ് വാല്‍വ് വഴിയായിരിക്കും വെള്ളം തുറന്നു വിടുക. വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം മണലിപ്പുഴയിലേക്ക് നിയന്ത്രിത അളവില്‍ ഒഴുക്കി വിടും. കാലവര്‍ഷമെത്തുന്നത് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ വെള്ളം തുറന്നു വിടുന്നത്.

നാളെ രാവിലെ എഴ് മണിയ്ക്ക് ഡാമിന്റെ റിവര്‍ സ്ലൂയിസ് വാല്‍വുകള്‍ തുറന്ന് വൈദ്യുതി ഉത്പാദനം നടത്തുന്നതിനായി വെള്ളം ഒഴുക്കി തുടങ്ങും. ഉത്പാദന ശേഷം നിയന്ത്രിത അളവില്‍ മണലിപ്പുഴയിലേയ്ക്ക് വെള്ളം തുറന്നു വിടാനാണ് തീരുമാനം.

നിലവില്‍ ഇടതുകര കനാലിലൂടെ ഡാമില്‍ നിന്നു വെള്ളം തുറന്നുവിട്ടുണ്ട്. സ്ലൂയിസ് വാല്‍വ് വഴി പുറത്തേക്ക് വിടുന്ന വെള്ളം ഒഴുകിയെത്തി മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയരുവാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍, മത്സ്യബന്ധനം നടത്തുന്നവര്‍ എന്നിവരെല്ലാം ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്.

പ്രളയ ശേഷം ഡാമുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡാമുകളില്‍ റൂള്‍ കര്‍വുകള്‍ നിര്‍മിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായാണ് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. ആകെ 79.25 മീറ്ററാണ് നിലവില്‍ ഡാമിന്റെ സംഭരണ ശേഷി. എന്നാല്‍ ഇപ്പോഴുള്ള ജലനിരപ്പ് 69.70 മീറ്ററാണ്.