ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ ലവ് ജിഹാദ് ആരോപിച്ച് യുവമോര്‍ച്ച
ഗോവയില്‍ ആത്മഹത്യചെയ്ത അഞ്ജന ഹരീഷെന്ന ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണവുമായി യുവമോര്‍ച്ച. നീലേശ്വരത്തെ വീട്ടില്‍ നിന്നും വന്ന അഞ്ജന ചിന്നു സുള്‍ഫിക്കര്‍ ആയതിന് പിന്നില്‍ ആണ് ലവ് ജിഹാദ് പോലെയുള്ള ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചിരിക്കുന്നത്. ചിന്നു സുല്‍ഫിക്കര്‍ പ്രവര്‍ത്തിച്ചിരുന്ന Queer എന്ന സംഘടനയില്‍ അര്‍ബന്‍ കമ്മ്യൂണിസ്റ്റുകള്‍ അഥവാ തീവ്ര ആശയക്കാരായവര്‍ സജീവമാണെന്നും ഇത്തരത്തില്‍ ഉള്ള സംഘടനകള്‍ക്ക് ഫണ്ട് ചെയ്യുന്നത് ചില ഇസ്ലാം സംഘടനകള്‍ ആണ് എന്ന ആരോപണം ശരിവെക്കുന്നതാണ് ചിന്നു സുല്‍ഫിക്കറിന്റെ പ്രവര്‍ത്തനം കാട്ടിതരുന്നതെന്നും യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ. ഗണേഷ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ആരോപിക്കുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 13ന് കണ്ടെത്തുകയായിരുന്നു. അതേസമയം മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പൊലീസില്‍ പരാതി നല്‍കി. കാഞ്ഞങ്ങാട് ഡി വൈ എസ് പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ കോഴിക്കോടുനിന്നും കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി. കോഴിക്കോട് അര്‍ബന്‍ നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അഞ്ജന അറിയിക്കുകയായിരുന്നു.
അഞ്ജന മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അര്‍ബന്‍ നക്‌സലുകള്‍ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ അര്‍ബന്‍ നക്‌സലുകള്‍ നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് പേര് മാറ്റിയിരുന്നു.