മുടി വെട്ടാന്‍ കൈയ്യും വീശി പോക്ക് നടക്കില്ല ; ടവല്‍ കരുതണം, വെട്ടിയ മുടി വീട്ടില്‍ കൊണ്ടു പോകണം

ബാര്‍ബര്‍ ഷോപ്പില്‍ തലമുടി വെട്ടിക്കാന്‍ ഇനി കൈയ്യും വീശി പോയാല്‍ നടക്കില്ല. മുടി വെട്ടാന്‍ എത്തുന്നവര്‍ മുടി മാലിന്യങ്ങള്‍ വീട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കണമെന്നാണ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന നിബന്ധന വെക്കുന്നത്. തലമുടി വെട്ടല്‍, ഷേവിങ് ജോലിക്കു വരുന്നവര്‍ വൃത്തിയുള്ള തുണി, ടവല്‍ തുടങ്ങിയവ കൊണ്ടു വരണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കു സേവനം ലഭിക്കില്ലെന്നും സംഘടന വ്യക്തമാക്കുന്നു.

സേവനത്തിനായി വരുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതര്‍ക്കും സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചൊവ്വാഴ്ചകളില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പറഞ്ഞു.അതേസമയം രണ്ട് മാസത്തിലേറെയായി ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചിട്ടതോടെ ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ബ്യൂട്ടീഷ്യന്മാര്‍. ഒരു പാര്‍ലറിലെ ജോലിയുടെ 20% മാത്രമാണ് ഹെയര്‍കട്ട്. ഇത് മാത്രം ചെയ്ത് ഉപജീവനം നടത്താനാവില്ല എന്നും അവര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം അനുസരിച്ച് മറ്റ് സൗന്ദര്യ വര്‍ദ്ധക ജോലികള്‍ കൂടി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. മാത്രമല്ല, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അടക്കം എല്ലാം നഷ്ടപ്പെട്ടു. അതിനാല്‍ പ്രവര്‍ത്തന മൂലധനമായി അമ്പതിനായിരം രൂപ സര്‍ക്കാര്‍ നല്‍കണം. തിരിച്ചടവിന് കാലദൈര്‍ഘ്യമുള്ള വായ്പയായെങ്കിലും ഇത് അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം.