ഗോവാ പരാമര്‍ശത്തില്‍ തിരുത്തി ആരോഗ്യമന്ത്രി ; ഉദ്ദേശിച്ചത് മാഹി
ആരോഗ്യമന്ത്രി കെകെ ഷൈലജ ബിബിസിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ തെറ്റായ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഗോവ. ആരോഗ്യമന്ത്രി ഗോവ എന്ന് പരാമര്‍ശം നടത്തിയതിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്,ആരോഗ്യമന്ത്രി വിശ്വജിത് റാണ എന്നിവര്‍ രംഗത്ത് വന്നു.
ഇരുവരും ട്വിറ്ററില്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു. ഗോവ പൂര്‍ണ്ണ സംസ്ഥാനമാണെന്നും കേന്ദ്രഭരണ പ്രദേശമല്ലെന്നും കേരളത്തിലെ ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഓര്‍മിപ്പിക്കുകയും ഗോവയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം താന്‍ പറയാന്‍ ഉദ്ദേശിച്ചത് പുതുച്ചേരിയുടെ ഭാഗമായ മാഹിയെ ആണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്.
എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.