തങ്ങളുടെ രാജ്യത്ത് കോവിഡ് പടര്‍ത്തിയത് ഇന്ത്യ എന്ന ആരോപണവുമായി നേപ്പാള്‍

നേപ്പാളില്‍ കൊറോണ പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി. ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് എത്തുന്നവരാണ് രാജ്യത്ത് കോവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയില്‍ നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഓലി പറഞ്ഞു.

പുറത്ത് നിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കോവിഡിനെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണ്. കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും കെ.പി ശര്‍മ്മ ഓലി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനംആരംഭിച്ചശേഷം ആദ്യമായി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാളുമായി അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ പുറത്തു വരുന്നത്.