കേരളത്തില്‍ വീണ്ടും കൊറോണ മരണം

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു . നേരത്തെ തന്നെ പ്രമേഹവും, രക്താദിമര്‍ദ്ദവും, ശ്വാസ തടസ്സവും ഇവര്‍ക്കുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയില്‍ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങള്‍ സ്വീകരിക്കുകയും അത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ വൈകിട്ടാണ് 73 കാരിയായ ഇവര്‍ മരിക്കുന്നത്. ഇന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. മൂന്ന് മാസം മുന്‍പാണ് മഹാരാഷ്ട്രയിലുള്ള മക്കളുടെ അടുത്തേക്ക് ഖദീജക്കുട്ടി പോയത്. ഇവരുടെ മകനും, ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശികളായ മൂന്ന് പേരും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവപരിശോധനാഫലം അടുത്ത ദിവസം പുറത്തു വരും. ഇവര്‍ക്കാര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം ഇവര്‍ മഞ്ചേശ്വരം അതിര്‍ത്തിവഴിയാണ് എത്തിയതെന്ന വിവരമാണ് പാലക്കാട്ടെ ആരോഗ്യ വകുപ്പ് പങ്കുവയ്ക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഖദീജക്കുട്ടിയുടെ സംസ്‌കാരം നടക്കുക.