എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാണ്. ആശാ വര്‍ക്കര്‍മാരെയാണ് ഈ ചുമതലയ്ക്ക് നിര്‍വഹിച്ചിരിക്കുന്നത്. പരീക്ഷയുള്ള എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കണം. മാത്രമല്ല കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കും. കൂടാതെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം കൊടുക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതുപോലെ പരീക്ഷകള്‍ നടത്താനിരിക്കുന്ന കണ്ടയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റിയേക്കും. പരീക്ഷകള്‍ മെയ് 26ന് തന്നെ നടത്തുമെന്ന് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏറെ ആശയക്കുഴപ്പങ്ങള്‍ക്ക് ശേഷമാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ സെന്ററുകള്‍ വരുന്നത് വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും അശാങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലുള്ള പരീക്ഷാ സെന്ററുകള്‍ മാറ്റിയേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നത്.
സംസ്ഥാനത്താകെ 33 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. ഈ സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിഇഒമാര്‍ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. പട്ടിക പരിശോധിച്ച് കേന്ദ്രങ്ങള്‍ മാറ്റി ബദല്‍ സംവിധാനം ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിക്കും.