സ്വിഗ്ഗിയും സോമാറ്റോയും വഴി മദ്യവിതരണം തുടങ്ങി

ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സ്വിഗ്ഗിയും സോമാറ്റോയും മദ്യവിതരണം തുടങ്ങിയത്. സര്‍ക്കാരില്‍ നിന്നും ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷമാണ് മദ്യ വിതരണം ആരംഭിക്കുന്നതെന്ന് സ്വിഗ്ഗിയും സോമാറ്റോയും അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിയും സോമാറ്റോയും മദ്യം വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. സംസ്ഥാനത്തെ മറ്റ് പ്രധാനപെട്ട നഗരങ്ങളില്‍ ഒരാഴ്ച്ചയ്ക്കകം മദ്യവിതരണം തുടങ്ങുമെന്നും സ്വിഗ്ഗിയും സോമാറ്റോയും അറിയിച്ചു.

അതേസമയം മദ്യം വീടുകളില്‍ എത്തിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തുകയാണെന്നും സ്വിഗ്ഗി വ്യക്തമാക്കി. പ്രായവും വ്യക്തി വിവരങ്ങളും തെളിയിക്കുന്നവര്‍ക്ക് മാത്രമേ മദ്യം വീട്ടിലെത്തിക്കുകയുള്ളൂ എന്നും സുരക്ഷിതമായി  മദ്യം എത്തിക്കുന്നതിനായി ചില കര്‍ശന മാനണ്ഡങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു.

മദ്യം വിതരണം ചെയ്യുന്നതിനായി വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖയും സെല്‍ഫിയും സ്വിഗ്ഗി പരിശോദിച്ചതിന് ശേഷം ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചാണ് മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതെന്നും സ്വിഗ്ഗി വിശദീക്കരിക്കുന്നു. അതേസമയം കേരളത്തിലെ ഓണ്‍ലൈന്‍ മദ്യവിതരണം എന്ന് ആരംഭിക്കുവാന്‍ കഴിയും എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.