മോഹന്‍ലാല്‍, നിങ്ങളെയെനിക്ക് ഇഷ്ടമേയല്ല…
സംഗീത് ശേഖര്‍
പൊങ്കാലകലങ്ങള്‍ക്ക് ചൂട് പിടിക്കുന്നതിനു മുന്നേ ഉള്ള കാര്യം പറഞ്ഞേക്കാം!
അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞു കാണികളായ ഞങ്ങളെ കുറെ നാള്‍ കബളിപ്പിച്ചു നടന്നതു കൊണ്ടാണ് ലാലിനെ എനിക്ക് ഇഷ്ടമല്ലാത്തത്. അത്രയും സ്വാഭാവികമായ, അനായാസമായ ശൈലി കൈവശമുണ്ടായിരുന്ന വേറൊരു നടനെ അതിനു മുന്നേയും പിന്നെയും മലയാളം കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം. മികച്ചവര്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത മലയാള സിനിമയില്‍ വേറിട്ടൊരു തലത്തില്‍ നില്‍ക്കുന്ന നടന്‍..എ ക്ലാസ് അപാര്‍ട്ട്.
ചിത്രവും സന്മനസ്സുള്ളവര്‍ക്ക് സമാധാനവും വരവേല്പും താളവട്ടവും നാടോടിക്കറ്റും കിലുക്കവും ഏയ് ഓട്ടോയും ഹിസ് ഹൈനസ് അബ്ദുള്ളയും വെള്ളാനകളുടെ നാടും തേന്മാവിന്‍ കൊമ്പത്തുമൊക്കെ ചേര്‍ന്നാണ് ലാലിനെ കുടുംബ സദസ്സുകള്‍ക്ക് പ്രിയങ്കരനാക്കിയത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും നിര്‍ദോഷമായ നര്‍മത്തില്‍ ചാലിച്ച് പ്രിയനും സത്യനും ശ്രീനിയും ലാലിലൂടെ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളികള്‍ക്ക് ഇഷ്ടപ്പെടാതെ വേറെ വഴിയില്ലായിരുന്നു. ദാരിദ്ര്യത്തിലെ ഹ്യുമര്‍ ഇത്ര മനോഹരമായി ചെയ്യുന്ന മറ്റൊരു നടന്‍ ഇന്ത്യയിലില്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഭരതത്തിലും കിരീടത്തിലും ദശരഥത്തിലും കമലദളത്തിലും ഇതേ ലാല്‍ അഭിനയത്തികവ് കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചപ്പോള്‍ ആരാധകര്‍ ഒരുപാട് ജനിച്ചിരുന്നു. ദേവാസുരവും നരസിംഹവും ആറാം തമ്പുരാനും ലാലിനെ ലാര്‍ജര്‍ ദാന്‍ ലൈഫ് റോളുകളിലേക്കും ബോക്‌സ് ഓഫീസിന്റെ അപാര സാധ്യതകളിലേക്കും പറിച്ചു നട്ടപ്പോള്‍ പുലിമുരുകനും ലൂസിഫറും അദ്ദേഹത്തെ മലയാളം ബോക്‌സ് ഓഫീസിലെ അനിഷേധ്യ രാജാവാക്കി മാറ്റി കഴിഞ്ഞു.
ലാല്‍ അഭിനയിക്കാന്‍ തുടങ്ങുന്നത് രണ്ടായിരത്തിനു ശേഷമാണെന്ന് തോന്നുന്നു. അതോടെ ലാലെന്ന സൂപ്പര്‍ താരം മലയാളസിനിമയോളം വളര്‍ന്നു വലുതാവുകയാണ്. പിന്നീടൊരു തിരിച്ചു പോക്കില്ല.പലരും പഴയ ലാലിനെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ ലാലിന് പോലും പഴയ ലാലിനെ അനുകരിക്കാന്‍ കഴിയാത്ത വിധം സമയവും ബോഡി ലാംഗ്വേജുമെല്ലാം മാറിക്കഴിഞ്ഞെന്ന വസ്തുത മനസ്സിലാക്കാത്തവരാണ് പഴയ ക്ളാസ്സിക് ലാല്‍ ചിത്രങ്ങളിലെ പൈവട്ടല്‍ ഡയലോഗ്‌സ് അവിടവിടെയായി കുത്തിത്തിരുകി പഴയ ലാലെന്ന ഫീല്‍ കൊണ്ട് വരാന്‍ ശ്രമിച്ചു പരാജയമടയുന്നത്.
കിരീടവും തൂവാനത്തുമ്പികളും ഇന്നും പേഴ്‌സണല്‍ ഫേവറിറ്റ്‌സ് തന്നെയാണ്. തൂവാനത്തുമ്പികളിലെ ഭ്രാന്തന്റെ കാലിലെ ചങ്ങല പോലുള്ള പദ്മരാജന്‍ കാല്പനികതയല്ല രണ്ടു സ്ഥലങ്ങളില്‍ രണ്ടു വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നൊരു മനുഷ്യന്‍ എന്നതാണതിലെ ആകര്‍ഷണീയതയായി തോന്നിയത്. വാനപ്രസ്ഥം കണ്ടിട്ടില്ല. വാനപ്രസ്ഥം, പൊന്തന്‍മാട, അംബേദ്കര്‍, പരദേശി തുടങ്ങിയ ചിത്രങ്ങളൊന്നും കണ്ടിരിക്കാന്‍ എനിക്ക് സാധിക്കില്ല. ഒരു സീന്‍ പോലും കാണാതെ വാനപ്രസ്ഥത്തിലെ കഥാപാത്രമായിട്ടുള്ള ലാലിന്റെ പകര്‍ന്നാട്ടത്തെ പറ്റിയും പൊന്തന്മാടയിലെ മമ്മുക്കയുടെ അസാധാരണ പ്രകടനത്തെയും പറ്റി കവിതയെഴുതാന്‍ എന്നെക്കൊണ്ട് കഴിയുകയുമില്ല.
വേറിട്ട പാതകളിലൂടെയുള്ള സഞ്ചാരം എന്നും ആകര്‍ഷിക്കുന്നതാണ്. ഉയരങ്ങളിലെ ലാല്‍ അന്നുമിന്നും വിസ്മയിപ്പിക്കുകയാണ്. എം.ടിയുടെ തൂലികയില്‍ പിറന്നു വീണ ജയരാജനെന്ന ആന്റി ഹീറോ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെയൊക്കെ ക്ളാസ്സിക് വെസ്റ്റേണ്‍ മൂവീസിന്റെ പാറ്റേണില്‍ വന്ന താഴ്വാരം എന്ന റിവഞ്ച് ഡ്രാമ മറ്റൊരു വ്യത്യസ്തതയാണ്. പദ്മരാജന്റെ സീസണ്‍ ഒരു രക്ഷയുമില്ലാത്ത ക്ലാസ് ത്രില്ലറാണ്, ലാലിന്റെ പ്രകടനവും മനോഹരമാണ്. വെ അഹെഡ് ഓഫ് ഇറ്റ്‌സ് ടൈം എന്നൊക്കെ പറയേണ്ട ചിത്രം. സദയത്തിലെ സത്യനാഥന്‍ നിസ്സഹായതയിലൂടെ ക്രൂരതയിലേക്ക് എത്തിപ്പെടുന്നത് ലാലിന് മാത്രം സാധിക്കുന്ന അനായാസതയോടെയാണ്. വാണിജ്യ സിനിമയിലെ തിളങ്ങുന്ന താരമായി നില്‍ക്കുമ്പോഴാണ് മുഖത്തിലെ പോലീസ് ഓഫീസറെ അണ്ടര്‍ പ്ളേ ചെയ്തവതരിപ്പിച്ചത്. അരവിന്ദന്റെ വാസ്തുഹാര കണ്ടിട്ടുണ്ട്. എനിക്കിത്രയും മതിയെന്ന് പറയുന്ന സംവിധായകന് അത്രയും മാത്രം കൃത്യമായി നല്‍കുന്ന ലാല്‍, അപൂര്‍വമായ കാഴ്ചയാണ്. ഇരുവര്‍ എക്കാലത്തെയും മികച്ച പ്രകടനമാണ്. തന്നിലെ തന്നെ അടക്കിവച്ചു കൊണ്ട് കഥാപാത്രമായി മാത്രം മാറുന്ന നടന്റെ പൂര്‍ണത.
സുരേഷ് ഗോപിയില്‍ തുടങ്ങി മമ്മൂട്ടിയുടെ ലാലിലെത്തി അവസാനിച്ചതാണ് എന്റെ മലയാള സിനിമയിലെ താരാരാധന. അങ്ങനെയുള്ളവര്‍ വേറെയുണ്ടോ എന്നറിയില്ല. ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്തു കുറച്ചായപ്പോ ആരാധന എന്ന വികാരം തന്നെ ഏതാണ്ട് ഇല്ലാതായി. ആരാധനാപാത്രം വിമര്‍ശിക്കപ്പെടുമ്പോള്‍ അസഹിഷ്ണുതയോടെ ആറ്റുകാലിലേക്ക് കുതിക്കുന്ന പതിവു പണ്ടേയില്ലെങ്കിലും അസ്വസ്ഥത നല്ലപോലെ ഉണ്ടായിരുന്നത് ഒഴിഞ്ഞു പോയതില്‍ ചാരിതാര്‍ഥ്യമുണ്ട്. പുലിമുരുകനും ലൂസിഫറും ആദ്യത്തെ ഷോ തന്നെ കാണാന്‍ പോകുന്നത് ഇപ്പോഴും ഉള്ളിലെവിടെയോ മരിക്കാതെ കിടക്കുന്ന മോഹന്‍ലാല്‍ ആരാധകനുള്ളത് കൊണ്ട് തന്നെയായിരിക്കാം. ബിഗ് ബ്രദറും ഒടിയനും കണ്ടിട്ടിതൊരു ദുരന്തമാണല്ലോ എന്നൊട്ടും മടിക്കാതെ പറയാന്‍ കഴിയുന്നത് മാറ്റമായിട്ടെടുക്കുന്നു.
തുടര്‍ച്ചയായ പരാജയങ്ങള്‍ ആരാധകരെയും താരത്തെയും വലച്ച ഒരു കാലമുണ്ടായിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കിയ നടന്‍ തൊടുന്നതെല്ലാം ഫ്‌ലോപ്പായൊരു കാലം. ആ തകര്‍ച്ചയില്‍ നിന്നൊക്കെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ ലാലെന്ന നടന്‍ അറുപതാം വയസ്സിലും ഇന്‍ഡസ്ട്രി ഭരിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.. ഒരഞ്ചു കൊല്ലം കൂടിയേ അദ്ദേഹത്തിന്റെ സ്വാധീനം മലയാളസിനിമയില്‍ ഉണ്ടാകൂ എന്ന പ്രവചനം കേട്ടിട്ടിപ്പോള്‍ പത്ത് കൊല്ലമായി. വാണിജ്യസിനിമയിലെ മിന്നും താരമായി, ആരാധകരുടെ ലാലേട്ടന്‍ ഇവിടെത്തന്നെയുണ്ട്. തിളക്കം കൂടുന്നതേയുള്ളൂ…