സ്പ്രിന്‍ക്ലറില്‍ മറുകണ്ടം ചാടി സര്‍ക്കാര്‍ ; സ്പ്രിന്‍ക്ലറിന് റോളില്ലെന്ന് ഹൈക്കോടതിയില്‍

കൊറോണ ബാധിതരുടെ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്നും സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കിയെന്ന് സംസ്ഥാനസര്‍ക്കാര്‍. ഇനി മുതല്‍ വിവരശേഖരണവും വിശകലനവും സി-ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കോവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സ്പ്രിന്‍ക്ലറില്‍ നിന്നും തിരികെ വാങ്ങി സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

രോഗികളുടെ വിവരവിശകലന ചുമതലയില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. ഇനി മുതല്‍ സര്‍ക്കാര്‍ വിവര വിശകലനം നടത്തുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിവരെ സ്പ്രിങ്ക്‌ളര്‍ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടുണ്ട്. നിലവില്‍ സേഫ്ട് വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട കരാര്‍ മാത്രമെ സ്പ്രിങ്ക്‌ളറുമായി സര്‍ക്കാരിനുള്ളെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സ്പിന്‍ക്ലര്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഇനി പൂര്‍ണമായും സിഡിറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. ഡാറ്റ സൂക്ഷിക്കുന്ന സിഡിറ്റ് അക്കൗണ്ടിലേക്ക് സ്പ്രിന്‍ക്ലറിന് പ്രവേശനം അനുവദിക്കില്ല. ആപ്ലിക്കേഷന്റെ അപ്‌ഡേഷന്‍ ആവശ്യമുണ്ടങ്കില്‍ സ്പ്രിന്‍ക്ലറിനെ സമീപിക്കും. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട ഒരുവിവരവും സ്പ്രിന്‍ക്ലറിന് കൈമാറില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സ്പ്രിന്‍ക്ലര്‍ ശേഖരിച്ച ഡേറ്റകളെല്ലാം സിഡിറ്റിന്റെ ആമസോണ്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ശേഖരിച്ച സ്പ്രിന്‍ക്ലറിന്റെ കൈവശമുള്ള ഡേറ്റകള്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ഘട്ടത്തില്‍ സ്പ്രിംക്ലറിന് അക്കൗണ്ടില്‍ പ്രവേശനം അനുവദിച്ചാലും ഡേറ്റയുടെ രഹസ്യാത്മകത ഉറപ്പാക്കും. വിവരങ്ങള്‍ ശേഖരിക്കും മുമ്പ് വ്യക്തികളുടെ അനുമതി തേടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പൗരന്‍മാരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സ്പ്രിന്‍ക്ലറിന് സമാനമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് 3 തവണ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെ. കോവിഡ് രോഗികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും കെ.സുരേന്ദ്രനും ഉയര്‍ത്തിയ ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഇരുവരുടെയും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.