ആലിപ്പഴത്തിനും കൊറോണ ബാധ ; ചിത്രങ്ങള്‍ വൈറല്‍

കൊറോണ കാലത്ത് മാനത്ത് നിന്നും വീണ ആലിപ്പഴത്തിന് പോലും അതിന്റെ രൂപം. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് സംഭവം. ലോകത്താകമാനം കൊറോണ വൈറസ് എന്ന മഹാമാരി പിടിമുറിക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഭാസത്തിനു കൂടി മെക്‌സിക്കോ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഗോളാകൃതിയില്‍ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസ് കണികള്‍ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേ രൂപത്തിലാണ് മെക്‌സിക്കോയില്‍ ആലിപ്പഴം പൊഴിഞ്ഞത്. ഇതോടെ, ജനങ്ങള്‍ ഏറെ ആശങ്കയിലായിരിക്കുകയാണ്. ജാഗ്രതയോടെയിരിക്കാന്‍ ദൈവം തന്ന മുന്നറിയിപ്പാണ് ഇതെന്നാണ് ചിലരുടെ വാദം. മറ്റുചിലരാകട്ടെ ഇതിന് പിന്നാലെ ശാസ്ത്രീയ വശം കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ഇങ്ങനെ പല വ്യാഖ്യാനങ്ങളാണ് പലരും ഇതിന് നല്‍കുന്നത്. എന്നാല്‍, ഈ രൂപത്തില്‍ ആലിപ്പഴം പൊഴിഞ്ഞത് തികച്ചും സാധാരണമാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ സ്ഥിരീകരണം. ഗോളാകൃതിയില്‍ രൂപപ്പെടുന്ന ഐസ് കട്ടകളിലേക്ക് പിന്നീട് കൂടുതല്‍ ഐസ് കൂടിച്ചേരുകയാണ് ചെയ്യുന്നത്.

എന്നാല്‍, കാറ്റില്‍ പരസ്പരം കൂട്ടിയിടിക്കുന്ന ഇവയുടെ പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടാണ് ഇതിന് മുള്ളുകളുടെ ആകൃതി ഉണ്ടാകുന്നതെന്ന് ലോക കാലാവസ്ഥ നിരീക്ഷണ സംഘടനയുടെ ഉപദേഷ്ടാവായ ജോസ് മിഗ്വല്‍ വിനസ് പറയുന്നത്. അതേസമയം ജനങ്ങളെ പറ്റിക്കാന്‍ കൃത്രിമമായി തയ്യാറാക്കിയ ചിത്രങ്ങളാണ് പ്രചരിക്കുന്നത് എന്നും ഒരു വിഭാഗം പറയുന്നു.