പാകിസ്ഥാനില്‍ നൂറോളം യാത്രക്കാരുമായി യാത്ര വിമാനം തകര്‍ന്നുവീണു

പാകിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്കു പറന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീഴുകയായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

എയര്‍ബസ് പികെ-303 വിമാനമാണു ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി ജനവാസ കേന്ദ്രമായ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തു തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. വിമാനത്താവള പരിസരത്ത് നിന്ന് കറുത്ത പുക ഉയരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം അപകടത്തില്‍പെടുന്നതിന് മുന്‍പ് രണ്ടോ മൂന്നോ പ്രാവശ്യം ലാന്‍ഡിങ്ങിനായി ശ്രമിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

വിമാനാവശിഷ്ടങ്ങളില്‍നിന്നും സമീപത്തെ കെട്ടിടങ്ങളില്‍നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. അപകടത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകര്‍മസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികള്‍ക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ആളുകള്‍ തിങ്ങിനിറഞ്ഞു കഴിയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.