കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ തുടങ്ങുന്നു: മലയാളികള്‍ക്ക് സഹായകകരമായ വിവരങ്ങള്‍ നല്‍കികൊണ്ട് കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റി
അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് മെയ് 23ന് സാന്‍ഫ്രാസ്സിക്കോയില്‍ ആരംഭിക്കുമ്പോള്‍, കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ ചിക്കാഗോയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാന്‍ വേണ്ടി രൂപീകൃതമായ കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സഹായം ആവശ്യമുള്ളവര്‍ക്ക് കൃത്യമായ വിവരങ്ങളും സഹായങ്ങളും നല്‍കികൊണ്ട് നിരവധി പേര്‍ക്ക് കൈത്താങ്ങുകയാണ് ഈ കമ്മറ്റി. 900 ഓളം മലയാളികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയായി കേരളത്തിലേക്ക് തിരിച്ചു പോകുവാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, പലര്‍ക്കും ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് ഏത്തക്ക സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പരമാവധി കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നത്. 900 ഓളം മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ടുള്ള സീറ്റുകളുടെ എണ്ണം പരിമിതമാണ് എന്ന യാഥാര്‍ഥ്യം കേരളാ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും, ഈ പ്രശനം പരിഹരിക്കുവാനും വേണ്ടിയുള്ള ശ്രമങ്ങളും കമ്മറ്റിയുടെ ഭാഗമായി നടത്തിവരുന്നു. കൂടാതെ വിസാ സംബന്ധമായ സംശയങ്ങള്‍ക്കും വഴികാട്ടലിനും ഈ കമ്മറ്റിയിലൂടെ സാധ്യമാകുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരമാകുന്ന ചില കാര്യങ്ങള്‍ കമ്മറ്റിയുടെ വകയായി താഴെ കൊടുത്തിരിക്കുന്നു.
മെയ് 23ന് സാന്‍ഫാര്‍സിസ്‌കോയില്‍ നിന്നും കൊച്ചിക്കും അഹമ്മദാബാദിനുമായുള്ള വിമാന സര്‍വീസാണ് കേരളത്തിലേക്കുള്ള അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ്. കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം പരിമിതമായതിനാല്‍, അപേക്ഷിക്കുമ്പോള്‍ ബാംഗ്ലൂര്‍ പോലുള്ള മറ്റ് ലക്ഷ്യങ്ങള്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടാല്‍, സീറ്റുകള്‍ ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. ചെന്നിറങ്ങുന്ന സ്ഥലത്ത് 28 ദിവസം ക്വറന്റീനില്‍ ഇരിക്കുവാനുള്ള സമ്മതവും അപേക്ഷയോടൊപ്പം അറിയിക്കണം. ഇന്ത്യന്‍ പൗരന്മാരെ മാത്രമേ ഇപ്പോള്‍ ഈ ഫൈറ്റുകളില്‍ കൊണ്ടുപോവുകയുള്ളൂ. ഓ സി ഐ കാര്‍ഡുകളുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക്, അത് ചെറിയ കുട്ടികളാണെങ്കില്‍ കൂടി, ഈ വിമാന സര്‍വീസുകള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കുന്നില്ല.
അമേരിക്കയില്‍ ടൂറിസ്റ്റ് വിസായിലോ ബിസിനസ് വിസായിലോ വന്നവര്‍ക്ക്, ആ വിസാകളുടെ കാലാവധി തീരുന്ന സാഹചര്യമുണ്ടെങ്കില്‍, യാത്രാ സൗകര്യം തയ്യാറാകുന്നത് വരെ, ഫീസുകളില്‍ ഇളവ് ലഭ്യമാക്കികൊണ്ട്, കാലാവധി നീട്ടികിട്ടുവാനുള്ള സൗകര്യം USCIS ന്റെ ഓണ്‍ലൈന്‍ സൗകര്യം മൂലം ലഭ്യമാണ്. ഇതേ സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട്, കാലാവധി തീരുന്നതിന് മുന്‍പായി H-1 വിസായുടെ സ്റ്റാറ്റസ് മാറ്റുവാനും സാധിക്കും. ഈ സൗകര്യങ്ങള്‍ സമയബന്ധിതമായി ഉപയോഗപ്പെടുത്തിയാല്‍, പലര്‍ക്കും ഇപ്പോഴത്തെ യാത്ര ഒഴിവാക്കുവാന്‍ സാധിക്കും.
കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുവാന്‍ സാധിക്കാത്ത അമേരിക്കന്‍ പൗരന്മാര്‍ക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാല്‍, അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും. ലോക്ക് ഡൌണ്‍ കാരണം ആ വിമാനങ്ങള്‍ പുറപ്പെടുന്ന സ്ഥലങ്ങളിലേക്ക് എത്തിപെടുവാന്‍ സാധിക്കാത്ത അവസ്ഥയാണ് എങ്കില്‍, ആറു മാസത്തിലധികമായി കേരളത്തില്‍ തങ്ങുന്ന അമേരിക്കന്‍ പൗരന്മാര്‍ കേരളത്തിലെ എസ് പി ഓഫീസുമായും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട്, കേരളത്തിലെ താമസത്തിന്റെ കാലാവധി നിയമപരമായി നീട്ടിയെടുക്കാവുന്നതാണ്. അതോടൊപ്പം ഗ്രീന്‍കാര്‍ഡുള്ളവര്‍ക്കും, അവയുടെ കാലാവധി അവസാനിക്കാറായിട്ടുള്ളവര്‍ക്കും, ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ലഭിക്കുന്ന confirmation number ഉപയോഗപ്പെടുത്തികൊണ്ട്, ഗ്രീന്‍ കാര്‍ഡിന്റെ കാലാവധി അവസാനിച്ചാലും, അമേരിക്കയിലേക്ക് എത്തുവാന്‍ സാധിക്കും.
മുകളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ സംന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ടോള്‍ ഫ്രീ നമ്പറില്‍ (1-833-353-7252) വിളിച്ചാല്‍ ലഭ്യമാകും. ജോണ്‍ പാട്ടപ്പതി, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ജോസ് മണക്കാട്ട് എന്നിവരാണ് ട്രാവല്‍ & വിസാ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്. ഓരോ ദിവസവും നിരവധി ഫോണ്‍കോളുകള്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റിക്ക്, കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ കോര്‍ഡിറ്റേഴ്‌സായ ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ നന്ദി അറിയിച്ചു.