പ്രവചനം തെറ്റിയില്ല ; ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചു

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പോലെ ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിച്ചു. ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ് എത്തിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 100,000 കടന്നതായാണ് റിപ്പോര്‍ട്ട്.നിലവില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് തീവ്രമായിട്ടില്ല. എങ്കിലും 3,204 പേരാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി ഇതേവരെ മരിച്ചത്. ഭീകരമായ വൈറസ് ബാധ വിദൂരമല്ലെന്നും യൂറോപ്പിനെയും അമേരിക്കയെക്കാളും ഭീകരമായ അവസ്ഥ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉണ്ടാകാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ അറിയിപ്പില്‍ പറയുന്നു.

അതേസമയം, യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 100,000 കടന്നപ്പോള്‍ ആകെ മരണം 4,900 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയില്‍ മരണനിരക്ക് കുറവാണ്. ആഫ്രിക്കയിലെ മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും 25 വയസില്‍ താഴെയുള്ളവരാണ് എന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അടുത്ത കോവിഡ് പ്രഭവകേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്‍പേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ഇത്തരത്തിലൊരു മഹാമാരിയെ നേരിടാന്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ആഫ്രിക്കയില്‍ ഇല്ലെന്നുള്ള വസ്തുതയും ലോകാരോഗ്യ സംഘടന എടുത്തുകാട്ടിയിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആഫ്രിക്കയിലെ ആരോഗ്യ മേഖലയ്ക്ക് അത് താങ്ങാനാകില്ല. എബോള പോലെയുള്ള രോഗങ്ങള്‍ കോംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇതേവരെ പിടിവിട്ടിട്ടില്ല എന്നതും വെല്ലുവിളി ഉയര്‍ത്തുന്ന സംഗതിയാണ്.

ആഫ്രിക്കയില്‍ ഇതേവരെ 1.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടന്നിട്ടുള്ളത്. പരിശോധനാ സംവിധാനം ഇനിയും വികസിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താനാകൂ. ആഫ്രിക്കയില്‍ കോവിഡ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ സാമൂഹ്യ അകലം, lock down, ക്വാറന്റൈന്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചത് രോഗവ്യാപനം കുറയ്ക്കുന്നതില്‍ ഒരു പരിധി വരെ സഹായിച്ചു.