ബുധനാഴ്ചയ്ക്ക് മുമ്പ് മദ്യ വില്‍പന തുടങ്ങിയേക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബെവ്ക്യു ആപ്പ് വഴിയുള്ള മദ്യവില്‍പന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കുമെന്ന സൂചന. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്കോ നിശ്ചയിക്കുന്ന ദിവസം ട്രയല്‍ റണ്‍ ആരംഭിക്കുമെന്നും ഫെയര്‍കോട് സിഇഒ മാധ്യമങ്ങളോട് പറഞ്ഞു.

ബെവ്ക്യൂ ആപ്പിന്റെ ലോഡ് റണ്ണിങ്ങും സുരക്ഷാപരിശോധനയും പൂര്‍ത്തിയായെന്ന് ഫെയര്‍കോഡ് പറഞ്ഞു. ആയിരത്തി ഇരുന്നൂറോളം മദ്യവില്‍പനശാലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആപ്പിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ഏറ്റവും അടുത്ത ദിവസം തന്നെ ഗൂഗിളില്‍ നിന്ന് ആപ്പിന് അനുമതി പ്രതീക്ഷിക്കുന്നതായും സിഇഒ പറഞ്ഞു.

അതേസമയം, ബെവ്ക്യൂ ആപ്പിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ സിഇഒ തള്ളി. കരാര്‍ ലഭിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചെന്നും അത് സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഭാഗമാണെന്നും സിഇഒ പറഞ്ഞു. സിപിഐഎമ്മിന്റെ സഹയാത്രികന്റെ ഉടമസ്ഥതയിലുളള കമ്പനിയെ ആപ്പ് തയാറാക്കന്‍ നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മദ്യപന്മാര്‍ ആപ്പ് നിലവില്‍ വരുന്നതും കാത്ത് ഇരിപ്പാണ്.