രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

ലോക്ക് ഡൌണ്‍ കാരണം നിരത്തിവച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിച്ചു. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 25 ന് ആയിരുന്നു സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ആദ്യ വിമാനം പറന്നത് ഡല്‍ഹിയില്‍ നിന്നും പുനെയിലേക്ക് ആയിരുന്നു. ആദ്യ വിമാനം രാവിലെ 4:45 നായിരുന്നു. രണ്ടാമത്തെ വിമാനമായ മുംബൈ പട്‌ന രാവിലെ 6:45 ന് യാത്ര തിരിച്ചു.

മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പട്‌ന വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷമായിരിക്കും പട്‌നയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനം പുറപ്പെടുന്നതെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പ്രമുഖ നഗരങ്ങളായ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, പൂനെ, കൊച്ചി, പട്‌ന എന്നിവിടങ്ങളില്‍ നിന്നുമാണ് സര്‍വീസുകള്‍ ഉണ്ടാകുന്നത്.

സര്‍വീസ് പുനരാരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കര്‍ശന മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. കൂടാതെ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ ഭക്ഷണശാലകള്‍,വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.