മിന്നല്‍ മുരളി സിനിമയുടെ ‘ സെറ്റ് പൊളിച്ച സംഭവത്തില്‍ : കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍

സിനിമ സെറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷ് അറസ്റ്റില്‍. കാരി രതീഷിനെ കാലടി പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാല് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനാണ് കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ രൂപത്തില്‍ ഇട്ട സെറ്റ് ആണ് തകര്‍ക്കപ്പെട്ടത്.

കാരി രതീഷ് ഉള്‍പ്പെടെ ഈ സംഘത്തിലുണ്ടായിരുന്ന എല്ലാവരും അഖിലഹിന്ദു പരിഷത്തിന്റെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകരാണ്. മാര്‍ച്ചില്‍ സെറ്റിട്ടെങ്കിലും ലോക്ക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നില്ല. ഇതിനു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടോടെ അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് അടിച്ചു പൊളിച്ചത്. സെറ്റ് പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ അക്രമികള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആലുവ എഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. അതേസമയം ഷൂട്ടിങ് സെറ്റ് നിര്‍മാണത്തിനായി ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയിരുന്നുവെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ വ്യക്തമാക്കിയിരുന്നു. സമിതി ആവശ്യപ്പെട്ട പണം ഫീസായി നല്‍കുകയും ചെയ്തു. കാലടി പഞ്ചായത്തില്‍ നിന്നും ജലസേചന വകുപ്പില്‍ നിന്നും അനുമതി വാങ്ങി. ഇതിന്റയെല്ലാം രേഖ തന്റെ പക്കലുണ്ടെന്നും സോഫിയ പോള്‍ പറഞ്ഞിരുന്നു. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. 2019 ആരംഭത്തില്‍ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബര്‍ അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

സെറ്റ് തകര്‍ക്കപ്പെട്ടത് വ്യാപകമായ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു. സിനിമാ ലോകം ഒന്നോടെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.