കൊറോണ ; സൗദിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് അഞ്ച് മലയാളികള്‍ ; മരിച്ച മലയാളികളുടെ എണ്ണം 24 ആയി

സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32) ജുബൈലില്‍ ആണ് മരിച്ചത്. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ മരിക്കുന്നത്.

ഇന്നത്തെ അഞ്ചു മരണത്തോടെ കോവിഡ് ബാധിച്ച് സൌദിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഇതിനു പുറമെ, തൃശൂര്‍ ഏറിയാട് സ്വദേശി ശമീര്‍ കാവുങ്ങല്‍ (42) റിയാദില്‍ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം വന്നാല്‍ മാത്രമേ കോവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ.

മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കല്‍ മുഹമ്മദ് മകന്‍ എ.കെ.അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാന്‍ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചാണ് മരിച്ചത്. 53 വയസ്സായിരുന്നു. സാംസങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലാണ് മരണപ്പെട്ടവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംങ്ഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി 32-കാരനാണ്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സ്വകാര്യ ക്ലിനിക്കില്‍ ചികില്‍ തേടിയ ഷാനവാസിന് ഇന്നലെ വൈകിട്ടോടെ അസൂഖം മൂര്‍ച്ചിക്കുകയായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്.