കൊറോണാക്കാലത്തെ ‘അഗ്‌നി’പരീക്ഷ ; മാറ്റിവച്ച പരീക്ഷകള്‍ നാളെ മുതല്‍

രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മാറ്റിവച്ച പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും. രാവിലെ വിഎച്ച് എസ് സി പരീക്ഷ, ഉച്ചക്ക് ശേഷം എസ്എസ്എല്‍സി കണക്ക് പരീക്ഷ, മറ്റന്നാള്‍ എസ്എസ്എല്‍സിക്കൊപ്പം ഹയര്‍സെക്കണ്ടറി പരീക്ഷകളുമായിരിക്കും നടക്കുക. ആകെ 13,72012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സിക്ക് ആകെ 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും അണുനശീകരണം നടത്തി.
ആശാവര്‍ക്കര്‍മാരുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും പ്രാദേശിക സമിതികളുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ വീട്ടിലെത്തിച്ചു. അതേസമയം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. കുട്ടികള്‍ ധാരാളമുളള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നില്‍ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ആവശ്യമുളളിടങ്ങളില്‍ കുട്ടികള്‍ക്കുള്ള ബസുകള്‍ സ്‌കൂള്‍ അധികൃതരാണ് സജ്ജമാക്കിയിട്ടുള്ളത്. ഹോട്ട് സ്‌പോട്ടുകളിലടക്കം സംസ്ഥാനത്ത് 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.പഴുതടച്ച മുന്‍കരുതലുകള്‍ ഒരുക്കി പരീക്ഷ നടത്തിപ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട വിലയിരുത്തല്‍ തിങ്കളാഴ്ച നടക്കും. ഹോട്ട് സ്‌പോട്ടുകളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റുന്നത് അപ്രായോഗികമായതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

പ്രധാന നിര്‍ദേശങ്ങള്‍ :

1. വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങുമ്പോഴെ മാസ്‌ക് ധരിക്കണം.
2. പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തെല്‍മല്‍ സ്‌കാനിങ് ഉണ്ടാകും.
3. പനിയുള്ള കുട്ടികളെ പ്രത്യേകമായി പരിക്ഷക്കിരുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം.

4. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കും, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പരീക്ഷാ എഴുതാന്‍ സ്‌കൂളില്‍ പ്രത്യേക സൗകര്യം ഒരുക്കും.
5 . വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ പാലിക്കും.
6 . കൈയുറകള്‍ ധരിച്ചാവും അധ്യാപകരുടെ പരീക്ഷാ മേല്‍നോട്ടം.
7 . രക്ഷകര്‍ത്താക്കളെ സ്‌കൂള്‍ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല.
8 . പരീക്ഷാ ഹാളിന് പുറത്ത് സാനിറ്റൈസറും സോപ്പും ലഭിക്കും.