അതിഥി തൊഴിലാളികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : മുഖ്യപ്രതി പിടിയില്‍

ഹൈദരാബാദില്‍ ഒന്‍പത് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ്. സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പോലീസ് പിടികൂടി. ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറും കൂട്ടാളികളുമാണ് പിടിയിലായത്. ശീതള പാനീയത്തില്‍ വിഷം കലര്‍ത്തിയാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കുടുംബത്തിലെ ആറ് പേര്‍ അടക്കം ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാറങ്കല്‍ ജില്ലയിലെ ഗോരക്കുണ്ട ഗ്രാമത്തിലാണ് സംഭവം. മരിച്ചതില്‍ ആറ് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ബാക്കിയുള്ളവര്‍ ബിഹാര്‍ സ്വദേശികളുമാണ്. ലോക്‌ഡൌണ്‍ പ്രഖ്യാപിച്ച ശേഷം ജോലിയെടുക്കുന്ന മില്ലിന്റെ ഗോഡൌണിലായിരുന്നു ഇവരെല്ലാം താമസിച്ചിരുന്നത്.

മരിച്ച മഖ്‌സൂദിന്റെ മകളുമായി പ്രതി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ഇത് പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മഖ്‌സൂദിന്റെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പ്രതി കൊലപാതകം നടത്തിയത്. ശീതള പാനീയത്തില്‍ കലര്‍ത്തിയ വിഷം കഴിച്ച് അവശ നിലയിലായ ഒന്‍പത് പേരെയും കിണറ്റിലേക്ക് വലിച്ചിടുകയായിരുന്നു.

ശരീരത്തില്‍ പരുക്കുകളില്ലാത്തതും മറ്റ് സംശയങ്ങള്‍ തോന്നാതിരുന്നതും ആദ്യ ഘട്ടത്തില്‍ ആത്മഹത്യയെന്ന നിലപാടിലേക്ക് പൊലീസിനെ എത്തിച്ചു. ലോക്ക് ഡൌണ്‍ മൂലമുള്ള സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്നായിരുന്നു ധാരണ. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന മില്ലുടമ, കൃത്യമായി ഭക്ഷണവും പണവും നല്‍കിയിരുന്നുവെന്ന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.