പ്രവാസികള്‍ക്ക് സര്‍ക്കാര്‍ വക ഇരുട്ടടി ; തിരിച്ചെത്തുന്നവര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിന്റെ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി
വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ക്കുള്ള ക്വാറന്റീന് ഇനി മുതല്‍ സൗജന്യമായി നല്‍കില്ല എന്ന് സര്‍ക്കാര്‍. ഇതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ചെലവ് വഹിക്കാനാവില്ല. എന്നാല്‍ നിലവില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളെ മാത്രമാണ് വീടുകളിലേക്ക് വിടുന്നത്. ഇത്തരത്തില്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം ജീവനും കയ്യില്‍ പിടിച്ചു വന്‍തുക ടിക്കറ്റ് നിരക്ക് നല്കി നാട്ടില്‍ എത്തുന്നവരുടെ കയ്യില്‍നിന്നും വീണ്ടും പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടി വ്യാപകമായ എതിര്‍പ്പുകള്‍ക്ക് കാരണമായേക്കാം. അതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ കേരളത്തിലേക്ക് വന്നാല്‍ 28 ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം.
വിദേശത്തു നിന്നു വരുന്നവര്‍ ഇനി സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും ചെലവ് സ്വയം വഹിക്കണം. പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് വരുന്നതിനെ ആരും എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ വരുന്നവരെക്കുറിച്ച് സര്‍ക്കാരിന് അറിവ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രവാസികളെല്ലാം ഒന്നിച്ചെത്തുകയാണെങ്കില്‍ അത് വലിയ പ്രശ്നമുണ്ടാക്കും. കാരണം ലക്ഷക്കണക്കിനാളുകളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളത്. അവരില്‍ വിസാ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിപ്പോയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.