ഉത്തരേന്ത്യയെ വിറപ്പിച്ച് വെട്ടുകിളി ആക്രമണം ; കൊറോണക്ക് ഇടയില്‍ പുതിയ പ്രതിസന്ധി

രാജ്യത്ത് കൊറോണാ ഭീതി നിലനില്‍ക്കെ രാജ്യത്തിനും കര്‍ഷകര്‍ക്കും ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുക്കാന്‍ പാകമായ പാടങ്ങളെല്ലാം ഭക്ഷണമാക്കി മുന്നേറുകയാണ് പാക്കിസ്ഥാനില്‍ നിന്നും എത്തിയ വെട്ടുകിളികള്‍. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാര്‍ഷിക മേഖലയില്‍ ഇവ തീര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ അതേ വെട്ടുകിളികള്‍ ഇന്ത്യയിലെത്തി കാര്‍ഷികവിളകള്‍ക്ക് കനത്ത നാശനഷ്ടം വരുത്തി വെക്കുകയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും വെട്ടുകിളി ആക്രമണം തുടങ്ങി.ആഗ്ര, അലിഗഢ്, ബുലന്ദ്ശഹര്‍, കാണ്‍പുര്‍, മഥുര എന്നി ജില്ലകളും വെട്ടുകിളികള്‍ കയ്യേറി. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ഏപ്രില്‍ രണ്ടാം വാരമാണ് ഇന്ത്യയില്‍ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്. 27 വര്‍ഷത്തിനിടയില്‍ കാര്‍ഷിക മേഖല നേരിടുന്ന വലിയ വെട്ടുകിളി ആക്രമണമാണിത്.

അതേസമയം ആഗ്രയില്‍ വെട്ടുകിളി ആക്രമണത്തില്‍നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി കെമിക്കല്‍ സ്പ്രേകള്‍ ഘടിപ്പിച്ച 204 ട്രാക്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഝാന്‍സിയില്‍ വെട്ടുകിളികളുടെ അക്രമം തടയുന്നതിനായി രാസവസ്തുക്കളുമായി കരുതിയിരിക്കാന്‍ അഗ്‌നിശമനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.വെട്ടുക്കിളികളുടെ എണ്ണം ജൂണ്‍ മാസത്തോടെ 500 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട്. എഫ്എഒയുടെ കണക്കനുസരിച്ച്, ചതുരശ്ര കിലോമീറ്ററിന് (0.39 ചതുരശ്ര മൈല്‍) 150 ദശലക്ഷം വെട്ടുക്കിളികള്‍ ഒരു കൂട്ടത്തില്‍ തന്നെ അടങ്ങിയിരിക്കാം.

2019 ന്റെ അവസാനത്തില്‍ പെയ്തിറങ്ങിയ കനത്ത മഴയാണ് വെട്ടുക്കിളികളുടെ അസാധാരണമായ വംശവര്‍ദ്ധനവിന് പ്രധാന കാരണം. മഴയെ തുടര്‍ന്ന് പ്രദേശങ്ങളിലെ ചൂട് കൂടി. സാധാരണ താപനിലയേക്കാള്‍ ചൂട് കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കുക. വെട്ടുകിളികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവിന് ഇത് കാരണമായി.

വെട്ടുക്കിളികള്‍ നിറച്ച ഒരൊറ്റ ചതുരശ്ര കിലോമീറ്ററിന് ഒരു ദിവസം 35,000 പേരുടെ ഭക്ഷണത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് എഫ്എഒ പറയുന്നു. പ്രായപൂര്‍ത്തിയായ വെട്ടുക്കിളിയുടെ ഭാരം – രണ്ട് ഗ്രാം മാത്രമായിരിക്കും. എന്നാല്‍ പുതിയ സസ്യങ്ങള്‍ കഴിക്കാനും 24 മണിക്കൂര്‍ കാലയളവില്‍ 150 കിലോമീറ്റര്‍ (93 മൈല്‍) മുകളിലേക്ക് സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.