സിനിമാ സെറ്റ് പൊളിച്ച സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന ; കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ക്ഷേത്ര ശ്രീകോവിലിന്റെ ഭിത്തിയും നശിപ്പിച്ചു
മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ വന്‍ ഗൂഢാലോചന നടന്നു എന്ന് സംശയം. മതവികാരം വ്രണപ്പെടുന്നു എന്ന പേരില്‍ പള്ളിയുടെ സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്ര ശ്രീകോവിലിന്റെ ഭിത്തിയും വൃത്തികേടാക്കിയെന്ന് പൊലിസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 25000 രൂപയുടെ നാശനഷ്ടമാണ് ഇവര്‍ ക്ഷേത്ര ശ്രീകോവിലിനകത്തുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഇത് വരെ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുല്‍, സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് ഇത് വരെ അറസ്റ്റിലായത്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഇനി ആറ് പേരാണ് പിടികൂടാനുള്ളത്. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച സെറ്റാണ് ബജ്‌റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിര്‍മാതാവ് സോഫിയ പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് മലയാള സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്. പ്രതികള്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഏതെന്ന് കണ്ടെത്തണമെന്നും സിനിമാക്കാര്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും പൊലീസ് റിപോര്‍ട്ടില്‍ പറയുന്നു.