ബെവ്ക്യൂ ആപ്പ് തകരാറില്‍ ; നിരാശരായി മദ്യപാനികള്‍
മദ്യ വിതരണം നടത്താന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനം തുടങ്ങിയ അന്ന് തന്നെ തകരാറില്‍. ആപ്പിനെതിരെ പരാതികളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് ബെവ്ക്യൂ ആപ് പ്ലേസ്റ്റോറില്‍ എത്തിയത്. അല്‍പ്പനേരത്തിനു ശേഷം പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായ ആപ് രാത്രി പതിനൊന്ന് മണിയോടെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
മൂന്നു ലക്ഷത്തിലധികം പേരാണ് ഇതിനോടകം ആപ് ഡൌണ്‍ലോഡ് ചെയ്തത്. എന്നാല്‍, ആപ് ഡൌണ്‍ലോഡ് ചെയ്യാനാകുനില്ല, ഒടിപി ലഭിക്കുന്നില്ല. എന്നിങ്ങനെ നിരവധി പരാതികളാണ് ആപിനെതിരെ ഉയരുന്നത്. പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ആപ് ലഭ്യമാകില്ല. ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് പുറത്തുവിട്ട ലിങ്ക് വഴിയാണ് ആപ് ഡൌണ്‍ലോഡ് ചെയ്യുന്നത്.
ഡൌണ്‍ലോഡ് ചെയ്ത ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്. കൂടാതെ, ആപ്പിലെ ബുക്കിംഗ് സമയം ഒന്‍പത് മണി വരെ ദീര്‍ഘിപ്പിച്ചിരുന്നു. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാര്‍ത്താ സമ്മേളനത്തിനു ശേഷമാണ് ആപ് പ്ലേസ്റ്റോറില്‍ ലഭ്യമായത്. എന്നാല്‍, ഇതിന് മുന്‍പ് തന്നെ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ലഭ്യമായിരുന്നു. ഒരേസമയം എട്ടുലക്ഷത്തോളം ആളുകള്‍ക്ക് ഉപയോഗിക്കാനാകും എന്നായിരുന്നു ഫെയര്‍കോഡിന്റെ വാഗ്ദാനം.