ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് പോലീസ് പിടികൂടി ; സ്റ്റേഷനില്‍ കയറി സി.പി.എം നേതാക്കളുടെ അതിക്രമം

വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിടികൂടിയത്തിനു പോലീസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളുടെ അതിക്രമം. ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം ഏരിയാ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെയും നേത്രുത്വത്തില്‍ ആണ് അതിക്രമം നടന്നത്. പൊലീസ് സ്റ്റേഷനില്‍ കയറി എ.എസ്.ഐ. ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കി. സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍.തിലകന്‍ എന്നിവരാണ് ഭീഷണി മുഴക്കിയത്.

വാഹന പരിശോധനയ്ക്കിടെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടു നല്‍കണമെന്ന ആവശ്യവുമായിട്ടാണ് നേതാക്കള്‍ സ്റ്റേഷനിലെത്തിയത്. പിഴ നല്‍കിയ ശേഷം വാഹനം കൊണ്ടുപോകാമെന്ന് അറിയച്ചതോടെ പൊലീസുകാരെ നേതാക്കള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനു സിപിഐഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.