രണ്ട് കൊലപാതക ശ്രമത്തിലും ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നു ; പാമ്പ് കടിച്ചത് ഉത്ര അറിഞ്ഞില്ല
കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റു കൊല്ലപ്പെട്ട ഉത്ര കടി ഏറ്റ സമയം മയക്കത്തില്‍ ആയിരുന്നു എന്ന് പോലീസ്. രണ്ട് കൊലപാതക ശ്രമത്തിലും സൂരജ് ഉറക്കഗുളിക നല്‍കിയതായി മൊഴി. ഗുളിക നല്‍കിയ വിവരം സൂരജ് അന്വേഷണസംഘത്തോട് സമ്മതിച്ചു. ഉത്രയ്ക്ക് സൂരജ് അധികഡോസില്‍ ഡോളോയും ലഹരിമരുന്നും നല്‍കിയെന്നാണ് കണ്ടെത്തല്‍. മാര്‍ച്ച് 2ന് പായസത്തില്‍ പൊടിച്ചു നല്‍കിയത് 6 ഡോളോ ഗുളികകളാണ്. മെയ് 7ന് ജൂസില്‍ 9 ഡോളോകള്‍ക്ക് പുറമെ ലഹരിമരുന്നും ചേര്‍ത്തു നല്‍കി.
ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു.
വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. അതേസമയം കൊലപാതകത്തിന് കാരണം വിവാഹമോചനം ആവശ്യപ്പെട്ടതാണെന്ന സൂരജിന്റെ കുറ്റസമ്മതമൊഴി ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ തള്ളി.