മഴ ശക്തമായി ; ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു

മഴ ശക്തമായതിന് പിന്നാലെ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുവാന്‍ തീരുമാനമായി. പാംബ്ല, കല്ലാര്‍ക്കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ നാളെ തുറക്കും. പെരിയാര്‍, മുതിരപ്പുഴയാര്‍ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാലും ജൂണ്‍ ഒന്ന് വരെ ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

കല്ലാര്‍കുട്ടിയിലെ നിലവിലെ ജലനിരപ്പ് 452.10 മീറ്ററാണ്. ഡാമിന്റെ ജലനിരപ്പ് പരമാവധി 456.60 മീറ്റര്‍ ആയിരിക്കെയാണ് ഈ അവസ്ഥ. പാംബ്ല അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 248.4 മീറ്ററാണ്. പരമാവധി 253 മീറ്ററാണ് ഡാമില്‍ ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ നിരപ്പ്. നാളെ രാവിലെ 10 മുതല്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെമീ ഉയര്‍ത്തി 10 ക്യുമക്‌സ് വരെ ജലവും പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 10 സെമീ ഉയര്‍ത്തി 15 ക്യുമക്‌സ് വരെ ജലവും തുറന്നുവിടും.

അതേസമയം തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. മൂന്നാം ഷട്ടര്‍ 70 സെന്റി മീറ്ററും നാലാം ഷട്ടര്‍ ഒരു മീറ്ററും ഉയര്‍ത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 33.60 മീറ്ററിലെത്തിയ സാഹചര്യത്തില്‍ ബാരേജിന്റെ മൂന്ന് ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റ ജലസംഭരണശേഷി 34.95 മീറ്റര്‍ ആണ്. ഇതേ തുടര്‍ന്ന് പെരിയാറിന്റെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.