ബെവ്ക്യൂ ; ആപ്പ് പിന്‍വലിക്കില്ല ; പ്രശ്‌നങ്ങള്‍ പരിഹരിക്കും
ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല എന്ന് സര്‍ക്കാര്‍. ആപ്പ് പിന്‍വലിക്കില്ല എന്നും ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ വ്യാഴാഴ്ച തുറന്നെങ്കിലും ആപ്പിലെ പാകപ്പിഴകള്‍ മദ്യം വാങ്ങാനെത്തിയവരെ വലച്ചിരുന്നു. OTP ലഭിക്കാത്തതാണ് ഓണ്‍ലൈന്‍ ബുക്കിംഗിനു പ്രധാന തടസമായിരുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് OTP ലഭിക്കാന്‍ മണിക്കൂറുകളാണു കാത്തിരിക്കേണ്ടിവന്നത്. ഇതോടെ ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആപ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അടിയന്തിര യോഗം വിളിച്ചത്.
എക്സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആപ്പ് നിര്‍മാണ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്ന ഇവരുടെ ഉറപ്പിന്മേലാണ് തല്‍ക്കാലം ബെവ്ക്യു ആപ്പ് പിന്‍വലിക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ആപ്പ്, ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയത്. ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും OTP കിട്ടുന്നില്ലെന്നും, OTP രണ്ടാമത് അയയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അയയ്ക്കുകയെന്ന ഓപ്ഷന്‍ വര്‍ക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ OTP സേവനദാതാക്കളെ തേടുകയാണ് ബെവ്ക്യു. ബെവ്ക്യൂ ആപ്പ് വഴി ആദ്യ ദിനം 2.25 ലക്ഷം പേരാണ് മദ്യം വാങ്ങിയത്…
അതേസമയം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലും പാസ്വേഡ് ലഭിക്കുന്നതിലും സാങ്കേതിക പിഴവുകള്‍ വന്നതോടെ ഇന്നത്തെ ബുക്കിംഗിലും തടസ്സങ്ങള്‍ നേരിട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, സ്ഥിരമായി മദ്യം കുടിച്ചിരുന്നവരില്‍ പലരും ആപ്പ് ഉപയോഗിക്കാനറിയാതെ പ്രയാസത്തിലായിരിയ്ക്കുകയാണ്. പഴയ രീതിയിലെ ക്യൂ തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് മിക്കവര്‍ക്കുമുള്ളത്.