കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകം : മിനിയപോളിസിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിഎന്‍എന്‍ വാര്‍ത്താ സംഘം അറസ്റ്റില്‍

കറുത്ത വര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലെ മിനിയപോളിസില്‍ പൊട്ടിപുറപ്പെട്ട പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന സിഎന്‍എന്‍ വാര്‍ത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിഎന്‍എന്‍ പ്രതിനിധിയായ ഒമര്‍ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോര്‍ട്ടിം?ഗിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പൊലീസ് തയ്യാറായില്ല.

ജിമെനസിന് ഒപ്പമുണ്ടായിരുന്ന ക്യാമറ പേഴ്‌സണ്‍, പ്രൊഡ്യൂസര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമറയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്നതും കൈവിലങ്ങ് അണിയിക്കുന്നതും സി.എന്‍.എന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു.

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിനിയപോളിസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. നിരവധി പേരാണ് ജോര്‍ജിന് നീതി തേടി രം?ഗത്തെത്തിയത്. മിനിയപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാന്‍ തീയിട്ടു. പലരും അക്രമാസക്തരായി. ഒരാള്‍ വെടിയേറ്റു മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ വീല്‍ചെയറില്‍ സഞ്ചരിച്ചിരുന്ന വയോധികയുമുണ്ട്. അതേസമയം സംഭവത്തില്‍ പ്രതിഷേധിക്കുന്നവരെ ‘കൊള്ളക്കാര്‍’ എന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് വന്നു.

‘മിനിയാപൊളിസ് നഗരത്തിന് ഇങ്ങനെ സംഭവിക്കുന്നത് മാറി നിന്ന് കാണാന്‍ എനിക്ക് സാധിക്കുന്നില്ല. നേതൃത്വത്തിന്റെ അഭാവമാണ് അവിടെ കാണാന്‍ കഴിയുക. ഒന്നുകില്‍ ഇടത് പക്ഷത്തെ ദുര്‍ബലനായ മേയര്‍ ജേക്കബ് ഫ്രേ നഗരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരണം അല്ലെങ്കില്‍ നാഷണല്‍ ഗാര്‍ഡിനെ അയച്ച് ഞാന്‍ ആ ജോലി ചെയ്യും’ ട്രംപ് ട്വീറ്റ് ചെയ്തു.

ആ ‘കൊള്ളക്കാര്‍’ ജോര്‍ജ് ഫ്ളോയിഡിന്റെ ഓര്‍മയെ തരംതാഴ്ത്തുകയാണ്. അത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഞാന്‍ മിനിസോട്ട ഗവര്‍ണര്‍ ടിം വാല്‍സിനോട് സംസാരിക്കുകയും സൈന്യത്തിന്റെ സഹായം ഉറപ്പ് നല്‍കുകയും ചെയ്തു.’ എന്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും നിയന്ത്രണം കൊണ്ടുവരുമെന്നും കൊള്ള തുടങ്ങുമ്പോള്‍ വെടിവയ്പ് ആരംഭിക്കുമെന്നും ട്രംപ് ട്വിറ്റില്‍ വ്യക്തമാക്കി.

ട്വിറ്റര്‍ ഈ ട്വീറ്റിന് വാര്‍ണിംഗ് ലേബലുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വായനക്കാര്‍ക്ക് ട്വീറ്റ് കാണാന്‍ സാധിക്കും. തങ്ങളുടെ പോളിസി ലംഘിച്ച് ഹിംസയെ പ്രകീര്‍ത്തിക്കുകയാണ് ട്വീറ്റ് എന്ന് ട്വിറ്റര്‍. പൊതുജന താത്പര്യാര്‍ത്ഥമാണ് ട്വീറ്റ് ഇപ്പോഴും കാണാന്‍ അനുവദിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.