ഇന്ത്യ’യെ ‘ഭാരതമാക്കണം ‘ ഹരജി സുപ്രീംകോടതിയില്‍

രാജ്യത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’ എന്നോ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ജൂണ്‍ രണ്ടിന് പരിഗണിക്കും. ‘നമ്മുടെ ദേശീയതയുടെ അഭിമാനം വര്‍ധിപ്പിക്കാന്‍’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം.

‘ഇന്ത്യ’ എന്ന് രാജ്യത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നാണ് ഹരജിയിലെ ആവശ്യം. സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച്ചയാണ് ആദ്യം ഹരജി പരിഗണനക്കെത്തിയത്. എന്നാല്‍, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഹാജരല്ലാത്തതിനെ തുടര്‍ന്ന് ഹരജി മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂണ്‍ രണ്ടിന് പരിഗണിക്കുമെന്ന അറിയിപ്പ് സുപ്രീംകോടതി വെബ്സൈറ്റില്‍ വന്നു.

രാഷ്ട്രത്തിന്റെ കൊളോണിയല്‍ ഭൂതകാലം തൂത്തെറിയാന്‍ ഈ ഭേദഗതി സഹായിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം. രാജ്യത്തിന്റെ ഇംഗ്ലീഷ് നാമം മാറ്റുന്നത് ഭാവി തലമുറയുടെ ദേശാഭിമാനം വര്‍ധിപ്പിക്കുമെന്നും സ്വാതന്ത്ര്യ സമര സേനാനികളായ പൂര്‍വികര്‍ക്ക് നല്‍കുന്ന നീതിയാണിതെന്നും ഹരജി പറയുന്നു.

ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ ആക്കണമെന്ന് നേരത്തെ തന്നെ വാദമുണ്ടായിരുന്നുവെന്ന് 1948ലെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ നടന്ന ചര്‍ച്ച ചൂണ്ടിക്കാണിച്ച് ഹരജിക്കാരന്‍ പറയുന്നുണ്ട്. പ്രധാന നഗരങ്ങള്‍ക്ക് തദ്ദേശീയമായ പേര് നല്‍കുന്ന ഇക്കാലത്ത് രാജ്യവും യഥാര്‍ഥ പേരിലേക്ക് മടങ്ങണമെന്നാണ് ഹരജിയിലെ ആവശ്യം.