കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 61 പേര്‍ക്ക്

കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. 61 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 590 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.