മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം ; യുവാവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരത്തു യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ബാലരാമപുരം കട്ടച്ചല്‍കുഴി സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്യാമിന്റെ സുഹൃത്ത് സതിക്കായുള്ള അന്വേഷണം ആരംഭിച്ചുവെന്നു പോലീസ് അറിയിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആണ് കൊലപാതകം നടന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ശ്യാമും സുഹൃത്ത് സതിയും വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് വാക്ക് തര്‍ക്കമുണ്ടാവുകയും സതി ശ്യാമിനെ തലയ്ക്കടിക്കുകയും ചെയ്തത്. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. ഇവര്‍ വീട്ടിലിരുന്നു സ്ഥിരം മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാര്‍ഗ്ഗം സ്വീകരിച്ചതിനു പിന്നാലെ നേരത്തെ, മലപ്പുറത്തും കോഴിക്കോടും സമാന സംഭവങ്ങള്‍ നടന്നിരുന്നു. കോട്ടയം ചങ്ങനാശ്ശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം.

മലപ്പുറം തിരൂരില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെയാണ് കൊലപ്പെടുത്തിയത്. തിരൂര്‍ സ്വദേശിയായ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ധീക്കിനെ (27) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.