ഉത്ര കൊലപാതകം ; സൂരജിന്റെ അച്ഛനും അറസ്റ്റില്‍

വിവാദമായ ഉത്ര കൊലപാതക്കേസില്‍ പ്രതി സൂരജിന്റെ അച്ഛനും അറസ്റ്റില്‍. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തില്‍ സൂരജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതും.

ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം സൂരജും കുടുംബാംഗങ്ങളും എടുത്തിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 37 പവനോളം സ്വര്‍ണം വീടിന് സമീപത്ത് പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു. ബാങ്ക് ലോക്കറില്‍ എത്രത്തോളം സ്വര്‍ണം ബാക്കിയുണ്ടെന്നത് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ സൂരജിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ സൂരജും സൂരജിന് പാമ്പിനെ നല്‍കിയ വ്യക്തിയും നേരത്തെ അറസ്റ്റിലായിരുന്നു.