151 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ മലയാളി സംഘടനയായി ഡബ്ല്യു.എം.എഫ്

വിയന്ന: ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) എന്ന മലയാളി നെറ്റ്വര്‍ക്ക് ഇതിനോടകം 151 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടി. ഇതോടെ ഇത്രയധികം രാജ്യങ്ങളില്‍ 192 യൂണിറ്റുകളുമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മലയാളി സംഘടന കൂടിയായി ഡബ്ല്യു.എം.എഫ്.

ആഗോള തലത്തില്‍ മലയാളികളെ കോര്‍ത്തിണക്കുന്ന കാര്യത്തില്‍ സൂര്യന്‍ അസ്തമിക്കാത്ത നെറ്റ്വര്‍ക്കായി ഡബ്ല്യു.എം.എഫ് മാറിയെന്ന് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു. സംഘടനയ്ക്കും കേരളസമൂഹത്തിനും ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ് ഈ നെറ്റ്വര്‍ക്ക് എന്ന് സംഘടയുടെ ഗ്ലോബല്‍ കോഡിനേറ്റര്‍ ഡോ.ജെ രത്നകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടന രൂപം കൊണ്ട് 44 മാസങ്ങള്‍ കൊണ്ടാണ് ഇത്രയധികം രാജ്യങ്ങളില്‍ പ്രാധിനിത്യം ഉറപ്പിച്ചത്. ജാതി, മത, രാഷ്ട്രീയ, ദേശ ഭേദമില്ലാതെ ലോക മലയാളികളുടെ സൗഹൃദവും, സഹകരണവും ഉറപ്പാക്കുക, ലോകത്തിലെ വിവിധ സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ അവരുടെ സാംസ്‌ക്കാരിക സമ്പന്നതയില്‍കൂടെ ജീവിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിയന്ന ആസ്ഥാനമായി രൂപം കൊണ്ടത്.

കോവിഡുമായി ബന്ധപ്പെട്ട ആഗോള സഹായ ഡസ്‌ക്ക്, കേന്ദ്ര, കേരള സര്‍ക്കാര്‍ തലത്തില്‍ സംഘടന നടത്തിയ ഇടപെടലുകള്‍, മാരാരിക്കുളം സ്‌ക്കൂള്‍ നവീകരണ പ്രോജക്ട്, മിഡില്‍ ഈസ്റ്റ് റീജിയന്റെ വിധവക്ക് വീട് നല്‍കുന്ന പദ്ധതി, വനിതാ ശാക്തീകരണ പദ്ധതികള്‍, കേരളത്തെ ത്രസിക്കുന്ന ദുരന്തങ്ങളില്‍ നാടിന്റെ പുനഃ നിര്‍മ്മാണ ശ്രമങ്ങളിലും സംഘടനയുടെ വിവിധ യൂണിറ്റുകള്‍ നേരിട്ടും അല്ലാതെയും പങ്കാളിത്വം വഹിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സംഘടന നിലവില്‍ ചെയ്യുന്നത്.

പ്രവാസി പുനരധിവാസ പദ്ധതി, ജോലി നഷ്ടപ്പെട്ട പ്രവാസികളെ സഹായിക്കാനായി ജോബ് പോര്‍ട്ടല്‍, മലയാള ഭാഷാ മിഷന്‍, മലയാള സാഹിത്യ പ്രവര്‍ത്തനങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി മലിനീകരണ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മുതലായ പ്രവര്‍ത്തനങ്ങളാണ് പോസ്റ്റ് കോവിഡ് സമയത്ത് സംഘടന ഊന്നല്‍ നല്‍കുന്ന ഭാവി പദ്ധതികള്‍.

സംഘടനയുടെ തുടക്കം മുതല്‍ ഒരോ ഘട്ടത്തിലും കൂടെ നിന്ന് അതിനെ ശക്തിപ്പെടുത്തിയ ഒരോ അംഗങ്ങള്‍ക്കും, ഭാരവാഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികള്‍ക്കും സംഘടനയുടെ ഗ്ലോബല്‍ ക്യാബിനറ്റ് അംഗങ്ങള്‍ നന്ദി അറിയിച്ചു.

സംഘടനയെക്കുറിച്ചു കൂടുതല്‍ അറിയാനും അംഗത്വം ലഭിക്കാനും: www.worldmalayaleefederation.com