കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ‘ആചാരവെടി’ ഗ്രൂപ്പ് അഡ്മിനും സംഘവും അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പായ ‘ആചാരവെടി’ ഗ്രൂപ്പ് അഡ്മിനും സംഘവും അറസ്റ്റില്‍. ഗ്രൂപ്പ് അഡ്മിനായ എടപ്പാള്‍ വട്ടംകുളം കുറ്റപ്പാല സ്വദേശി അശ്വന്ത്, ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന ആലങ്കോട് സ്വദേശി രാഗേഷ്, താനൂര്‍ ഉണ്ണ്യാല്‍ സ്വദേശ അബ്ദുള്‍ നാസര്‍ എന്നിവരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘ആചാരവെടി’ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങളായിരുന്നു മുഖ്യമായും ഷെയര്‍ ചെയ്തിരുന്നത്. പ്രത്യേക ലിങ്ക് വഴിയായിരുന്നു ഗ്രൂപ്പില്‍ പ്രവേശിക്കാന്‍ അനുമതി. 21 കാരനായ ഗ്രൂപ്പ് അഡ്മിന്റെയും അംഗങ്ങളുടെയും അടുത്ത പരിചയക്കാരായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നതുമടക്കമുള്ള നിബന്ധനയിലായിരുന്നു ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നത്. പിടിയിലായവരുടെ ഫോണില്‍ നിന്നും കുട്ടികളുടെ നിരവധി അശ്ലീല ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ ദിവസവും ഗ്രൂപ്പില്‍ അപ് ലോഡ് ചെയ്തിരുന്നതയാണ് പൊലീസ് പറയുന്നത്.

യൂനിസെഫ് ആണ് കേരളത്തിലുള്ള ഈ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് വിവരം കൈമാറുന്നത്. ഇന്റര്‍പോള്‍ മുഖേന യൂനിസെഫ് ക്രൈം എഡിദിപി മനോജ് എബ്രഹാമിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നു കോഴിക്കോട് സൈബര്‍ ഡോമം ചങ്ങരംകുളങ്ങര പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് യൂനിസെഫ്.

ഗ്രൂപ്പില്‍ ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്തിരുന്നത് അഡ്മിന്‍ അടക്കമുള്ള ചിലര്‍ മാത്രമായിരുന്നു. ഇതില്‍ പ്രധാനികളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള അംഗങ്ങളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഗള്‍ഫിലുള്ളവര്‍ അടക്കം ഗ്രൂപ്പ് അംഗങ്ങളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മലപ്പുറം ജില്ലയില്‍ നിന്നു തന്നെ ഏകദേശം 15 പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്‍ അഡ്മിനായ അശ്വിന്‍ ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായതുകൊണ്ടാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.