പ്രവാസികളുടെ മടക്കം ; കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ല എന്ന് പിണറായി വിജയന്‍
പ്രവാസികളുമായി വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിബന്ധന വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിമാനവും വരേണ്ടന്നും പറഞ്ഞിട്ടില്ല. വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാനം പൂര്‍ണ സമ്മതം അറിയിച്ചിരുന്നു. 360 ഫ്ളൈറ്റുകളാണ് സംസ്ഥാനത്ത് വരേണ്ടത്. എന്നാല്‍ ജൂണ്‍ 3 മുതല്‍ ജൂണ്‍ 10 വരെ കേന്ദ്രം ക്രമീകരിച്ചത് 36 ഫ്ലൈറ്റുകള്‍ മാത്രമാണെന്നും സംസ്ഥാനം അനുമതി നല്‍കിയിട്ടും 324 ഫ്ളൈറ്റുകള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് പുറത്ത് നിന്നും ദിവസേന ആളുകള്‍ വരുന്നുണ്ട്. സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. പുറത്തു നിന്നുള്ളവര്‍ വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി. എന്നാലും സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് പിടിച്ചു നിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140 വിമാനങ്ങള്‍ ഇന്നലെ വരെയെത്തി.
40 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് കേരളം അനുമതി നല്‍കിയിട്ടുണ്ട്. 14 ഫ്ളൈറ്റുകള്‍ മാത്രം ജൂണ്‍ 2 വരെ ഷെഡ്യൂള്‍ ചെയ്തു. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കൊണ്ടു വരുന്നതിന് നിബന്ധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് വന്ദേമ ഭാരത മിഷന് തുല്യമാകണമെന്നും മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിബന്ധനകള്‍. മറ്റു നിബന്ധനകള്‍ ഇല്ല.
ചില സ്വകാര്യ വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അത് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പൈസ് ജറ്റ് ഒരു മാസം 300 ഫ്ളൈറ്റിന് അനുമതി ചോദിച്ചിട്ടുണ്ട്. അതേസമയം രോഗമില്ലാത്തവരെ മാത്രമേ കൊണ്ടുവരൂ എന്ന നിബന്ധന സ്പൈസ് ജെറ്റിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിന് പ്രത്യേകമായ ഒരു തടസ്സവും സംസ്ഥാനം ഉന്നയിച്ചിട്ടില്ല. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കൊണ്ടു വരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്.
ഒന്ന്, വിമാന നിരക്ക് ഏകദേശം വന്ദേ ഭാരത് നിരക്കിന് തുല്യമായിരിക്കണം. സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റുരോഗങ്ങളുള്ളവര്‍, കുട്ടികള്‍ ഇത്തരക്കാര്‍ക്കാണ് മുന്‍ഗണന. മറ്റു വ്യവസ്ഥകള്‍ ഒന്നുമില്ല. ഈ രണ്ടു നിബന്ധനകളും പ്രവാസികളുടെ താലപര്യം പരിഗണിച്ചുള്ളതാണ്.