വിവാദമായി പമ്പയിലെ മണല്‍ നീക്കം ; എതിര്‍പ്പ് ഉണ്ടായപ്പോള്‍ മണല്‍നീക്കം നിര്‍ത്തിവച്ചു
വിവാദമായി പമ്പയിലെ അനധികൃത മണല്‍ നീക്കം. പമ്പയിലെ മണല്‍ നീക്കത്തില്‍ വന്‍ കൊള്ളയാണ് പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. സര്‍ക്കാരിനെ കടന്നാക്രമിച്ച രമേശ് ചെന്നിത്തല കോവിഡിന്റെ മറവില്‍ എന്ത് കൊള്ളയും സംസ്ഥാനത്ത് നടക്കുമെന്ന് പിണറായി സര്‍ക്കാര്‍ തെളിയിക്കുകയാണെന്നും പറഞ്ഞു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
മണല്‍ നീക്കം നിര്‍ത്തിവെയ്ക്കാനുള്ള വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷ ആരോപണം ശെരിവെയ്ക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാലിന്യം വാരാനുള്ള അനുവാദത്തെ മണല്‍ കടത്താനുള്ള അവസരം ആക്കുകയാണ് ചെയ്തത്.കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിന് ആരും അറിയാതെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് കളക്ടറെ കൊണ്ട് ഉത്തരവ് ഇടിയിക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വനം വകുപ്പ് മണല്‍ നീക്കം നടത്തണം എന്ന കാബിനറ്റ് തീരുമാനം അട്ടിമറിക്കപെട്ടു,2019 ലെ കാബിനറ്റ് തീരുമാനം ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തല വിരമിച്ച ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും നിലയ്ക്കലില്‍ പോയി മണല്‍ക്കൊള്ള നടത്താന്‍ വഴിയൊരുക്കിയതെന്നും ആരോപിക്കുന്നു.
അതേസമയം വിഷയം വിവാദമായതിനെ തുടര്‍ന്ന് വനം വകുപ്പ് മണലെടുപ്പും നീക്കവും തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. വന സംരക്ഷണ നിയമപ്രകാരം പ്രത്യേക അനുമതി വാങ്ങി മാത്രമേ മണല്‍ നീക്കാന്‍ പാടുള്ളു എന്ന് കാണിച്ച് വനം വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. ഇതോടെ പമ്പയില്‍ നിന്നുള്ള മണല്‍ നീക്കുന്നത് നിര്‍ത്തിവെച്ചു.
2018 ലെ പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ വനം വകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് മാത്രമേ മാറ്റാന്‍ പാടുള്ളു. നേരത്തെ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നദീ തടത്തില്‍ നിന്ന് മാറ്റിയ മണല്‍ ഒഴികെയുള്ളവ നീക്കാന്‍ പാടില്ല. വനത്തിന് പുറത്തേക്ക് മണല്‍ കൊണ്ട് പോകാന്‍ വന സംരക്ഷണ നിയമപ്രകാരം പ്രത്യക അനുമതി വാങ്ങണം. എടുക്കുന്ന മണലിന്റെ അളവ് ജില്ലാ കലക്ടര്‍ ഉറപ്പ് വരുത്തണം. വില ആനുപാതികമായി നിശ്ചയിക്കും. തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് വനം സെക്രട്ടറി ഡോ. ആശാ തോമസ് ഇറക്കിയ ഉത്തരവിലുള്ളത്.
ഈ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രം പ്രളയ സാധ്യത ഒഴിവാക്കാന്‍ നദീ തടത്തിലെ മണല്‍ ദുരന്തനിവാരണത്തിന്റെ ഭാഗമായി എടുത്ത് മാറ്റാം . എന്നാല്‍ വനമേഖലയില്‍ നിന്നും പുറത്ത് കൊണ്ട് പോകാന്‍ പാടില്ല .കഴിഞ്ഞ ദിവസങ്ങളില്‍ വനം വകുപ്പിന്റെ അനുമതി ഇല്ലാതെ മണല്‍ കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക് കൊണ്ട് പോയിരുന്നു. പുറത്തേക്ക് മണല്‍ കൊണ്ട് പോകുന്നത് വിലക്കി ഉത്തരവ് വന്നതിന് പിന്നാലെ ത്രിവേണിയിലെ മണലെടുപ്പ് ജോലികള്‍ നിര്‍ത്തിവെച്ചു.
വനം വകുപ്പ് പറയും പോലെ മണല്‍ നീക്കാന്‍ കഴിയില്ലെന്നായിരുന്നു കേരളാ ക്ലേസ് ആന്‍ഡ് സെറാമിക്‌സ് എം.ഡിയുടെ വാദം. മുന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി മണലെടുക്കുന്നത് വിലയിരുത്താന്‍ യോഗം ചേര്‍ന്നത് നേരത്തെ വിവാദമായിരുന്നു .വനം മന്ത്രി അറിയാതെ ആയിരുന്നു ചീഫ് സെക്രട്ടറിയുടെ യോഗം . പ്രതിപക്ഷ നേതാവുള്‍പ്പെടെ പമ്പയിലെ മണലെടുപ്പില്‍ വന്‍ അഴിമതി ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് നിലപാട് കടുപ്പിച്ചത്.