രാജ്യത്ത് 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തിലധികം വൈറസ് ബാധിതര്‍

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് വരുന്നില്ല. 9304 കോവിഡ് കേസും 260 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 2.16 ലക്ഷവും മരണം സഖ്യ 6,075 ഉം ആയി.കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഒടുവില്‍ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ മരണ കണക്കാണ് .ഇതോടെയാണ് ആകെ രോഗികളുടെ എണ്ണം 2,16919 ആയി.106737 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

104107 പേര്‍ക്ക് അസുഖം ഭേദമായി. 4242718 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. സെക്രട്ടറിയുടെ സമ്പര്‍ക്ക പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കുകയാണ്.മഹാരാഷ്ട്രയില്‍ -ആകെ കോവിഡ് രോഗികളുടെ എണ്ണം 74860 ഉം മരണം 2587 ആയി.

ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 23645 ഉം മരണസഖ്യ 606 ആണ്. ഡല്‍ഹിയിലെ 8 കോവിഡ് ലാബുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായി സാമ്പിളുകള്‍ ശേഖരിച്ചതിനാണ് നടപടി ലാബിലെ ജീവനക്കാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. ഗുജറാത്തിലും സ്ഥിതി സങ്കീര്‍ണ്ണമായി തുടരുകയാണ്.ഇവിടെ രോഗികള്‍ 18117 ഉം മരണ സഖ്യ 1122 ആയി.

അതേസമയം രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുന്നതാണ് രാജ്യത്ത് ആശ്വാസം നല്‍കുന്ന കാര്യം. അതുപോലെ തന്നെ മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. ഇതുവരെ 6,075 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 65ലക്ഷം കടന്നു. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 6,573,568 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,170,532 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ മരണസംഖ്യ 388,041 ആണ്.