മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു ; ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായ നോട്ടുപുസ്തകം പൊലീസ് കണ്ടെത്തി. മരണത്തെ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് നോട്ട്ബുക്കില്‍ ദേവിക കുറിച്ചിരിക്കുന്നത്.ജൂണ്‍ രണ്ടിനാണ് മലപ്പുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ഷീബ ദമ്പതികളുടെ മകള്‍ ആണ് ദേവിക (14 ).

വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും അറിയിച്ചു. വീട്ടിലെ ടി.വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം വളാഞ്ചേരി ഇരുമ്പിളിയത്തെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.