ഗുരുദേവനെ ആത്മാവില്‍ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി ബ്രഹ്മശ്രീ സത്യാനന്ദ തീര്‍ത്ഥ സ്വാമികള്‍

പി പി ചെറിയാന്‍

ഡാളസ്: ലോകമെമ്പാടുമുള്ള ആശ്രമബന്ധുക്കളുടെയും ഗുരുദേവ ഭക്തരുടെയും മനസ്സില്‍ ഭക്തിയുടെയും ജ്ഞാനത്തിന്റെയും തേന്മഴ ചൊരിഞ്ഞു മുന്നേറുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യജ്ഞം ,എട്ടാം വാരത്തില്‍ (മെയ് 31ഞായറാഴ്ച) സംഘടിപ്പിച്ച സത്സംഗത്തില്‍ ശ്രീനാരായണ പരമഹംസ ദേവനെ ആത്മാവില്‍ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി ബ്രഹ്മശ്രീ സത്യാനന്ദ തീര്‍ത്ഥ സ്വാമികള്‍.

ശ്രീ അനൂപ് രവീന്ദ്രന്റെ ആമുഖത്തോടെ ആരംഭിച്ച സത്സംഗത്തില്‍ , ശ്രീ . അശോകന്‍ കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഗുരുസ്മരണയോടുകൂടി പ്രാര്‍ഥനകള്‍ക്കു തുടക്കം കുറിച്ചു .

തുടര്‍ന്ന് , ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസിവര്യരില്‍ ഒരാളായ ബ്രഹ്മശ്രീ സത്യാനന്ദ തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പൂര്‍വ്വാശ്രമത്തില്‍ , കര്‍ണ്ണാടകയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഭൂജാതനായ സ്വാമിജി ,കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷങ്ങളായി ഗുരുപാദങ്ങളില്‍ പൂജചെയ്ത് ശ്രീനാരായണ ധര്‍മ്മ സംഘത്തില്‍ ഗുരുസേവ ചെയ്തു വരികയാണ്. ഗുരുദേവനെ , ആത്മാവില്‍ ഉള്‍ക്കൊള്ളുവാന്‍ കൈവല്യം സിദ്ധിച്ച . അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള മലയാളവും ശ്രീനാരായണ പരമഹംസ ദേവനെ ആത്മാവില്‍ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവും നമ്മോടു പങ്കു വച്ചപ്പോള്‍ ഭക്തിയുടെ പരാവശ്യത്താല്‍ ഏവരുടെയും കണ്‍കോണുകള്‍ ഈറനണിഞ്ഞു .

ഒരു പനിനീര്‍പൂവ് അതിന്റെ പരിമളം എങ്ങനെ വാരിവിതറുന്നുവോ അതുപോലെ ശ്രീനാരായണഗുരുദേവന്‍ എന്ന മഹായോഗിയുടെ കീര്‍ത്തി കര്‍ണാടകത്തിലും , തമിഴ് നാട്ടിലും , ശ്രീലങ്കയിലും വ്യാപിച്ചിരുന്നു . ഗുരുദേവന്റെ കര്‍ണാടകത്തിലെ പ്രവത്തനങ്ങള്‍ വിവരിച്ച, സ്വാമിജി ആ മഹാഗുരുവിന്റെ അതി വിശിഷ്ടമായ സിദ്ധി വൈഭവങ്ങളും അതിമനോഹരമായി വിവരിച്ചു .

1908ല്‍ ആണ് ഗുരുദേവന്‍ മംഗലാപുരത്തു എത്തുന്നത് . അന്ന് കേരളത്തില്‍ എന്നപോലെ കര്‍ണാടകത്തിലും അജ്ഞാനത്തിന്റെ അന്ധകാരത്താല്‍ ഇരുള്‍ മൂടിയ അനാചാരങ്ങള്‍ മനുഷ്യരെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കാലഘട്ടമായിരുന്നു. കടുത്ത ജാതി വിവേചനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും ഇടയിലേക്കാണ് ഗുരുദേവന്‍ എത്തുന്നത് . ‘ഒരുപതിനായിരമാദിതേയരൊന്നായിവരുമ്പോള്‍ ‘ അജ്ഞാനത്തിന്റെ അന്ധകാരം എങ്ങനെ മാറ്റപെടുന്നുവോ , അതുപോലെ ആ സത്യദര്‍ശി ഏതു നാട്ടില്‍ എത്തിയാലും കാലങ്ങളായി കട്ടപിടിച്ചു കിടന്നിരുന്ന ഇരുട്ട് എങ്ങോ പോയ് മറയുമായിരുന്നു എന്ന ചരിത്ര യാഥാര്‍ഥ്യം അവിടെയും സംഭവിച്ചു !

കര്‍ണാടകത്തിലെ ബില്ലവ സമുദായം ജാതീയമായ വിവേചനം നേരിടുന്നവരായിരുന്നു . അന്നത്തെ സമുദായ പ്രമാണി ആയിരുന്ന കൊരഗപ്പ ഗുരുദേവനെ ശിവഗിരിയില്‍ എത്തി ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന് കരുണ ഉണ്ടാകണം എന്ന തങ്ങളുടെ ആഗ്രഹം അറിയിച്ചു . ഗുരുദേവന്‍ അത് സമ്മതിക്കുകയും,1908 ഇല്‍ തന്റെ ശിഷ്യന്മാരുമായി മംഗലാപുരത്തു എത്തുകയും ചെയ്തു . ക്ഷേത സംസ്ഥാപനത്തിനായുള്ള ഉത്തമ പ്രദേശം ഗുരുദേവന്‍ കണ്ടെത്തി . കുദ്രോളി എന്ന പ്രകൃതി രമണീയമായ സ്ഥലം ആയിരുന്നു അത് . കൊങ്ങിണികളുടെ ശ്മശാന ഭൂമി ആയിരുന്ന ഈ പ്രദേശം ക്ഷേത്രത്തിനോ എന്ന് ചോദിച്ചവരോട് ശിവഭഗവാന്റെ പ്രത്യക്ഷ രൂപമായ ഗുരുദേവന്‍ ചുടലക്കാട്ടിലെ ചാരവും വാരിപ്പൂശി ആനത്തോലുമുടുത്തു പാമ്പിനെ ആഭരണമായി ധരിച്ചു നില്‍ക്കുന്ന ആ ആനന്ദനിധിക്ക് ഇതുതന്നെയാണ് ഉത്തമസ്ഥലം എന്ന് അരുളിച്ചെയ്തു . തുടര്‍ന്ന് 1912 ല്‍ മഹാശിവരാതിനാളില്‍ ആ ക്ഷേത്രത്തില്‍ ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തി . ഒരുകാലത്തു അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിനു സത്യദര്‍ശം നല്കാന്‍ അവതാരമെടുത്ത ഗുരു തന്റെ ജീവിതയാത്രയില്‍ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളില്‍ ഒന്നായിമാറി ഗോകര്‍ണ്ണനാഥ ക്ഷേത്രം .

പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചം മനുഷ്യയുക്തിക്കു പലപ്പോഴും പിടിതരാത്തതാണ് . അതുകൊണ്ടുതന്നെ ജ്ഞാന നിലയില്‍ ഈ ലോകം തന്നിലിരിക്കുന്നു എന്ന് അനുഭവിക്കുന്ന ഗുരുദേവന്റെ സ്വാഭാവികമായ പ്രവൃത്തി നമുക്ക് അത്ഭുത പ്രവൃത്തിയായി തോന്നാം . തുടര്‍ന്ന് , കേട്ടാല്‍ ഒരല്‍പം കൗതുകവും അതിലേറെ അത്ഭുതവും ആരിലും ഉളവാക്കുന്ന ‘ കാപ്പി പ്രസാദത്തിന് ‘ പിന്നിലുള്ള ചരിത്രം സ്വാമിജി അതീവ ഹൃദ്യമായി നമ്മോടു പങ്കു വയ്ക്കുകയുണ്ടായി

തന്റെ കര്‍ണാടകത്തിലെ യാത്രക്കിടയില്‍ ഗുരുദേവന് കുടിക്കാനായി പാല്‍കാപ്പിയും കദളിപ്പഴവും ഒരുഭക്തന്‍ നല്‍കി . കാപ്പി വളരെ നന്നായിരുന്നു എന്നുപറഞ്ഞ ഗുരുദേവന്‍ ഇതു എവിടെനിന്നു ആണെന്ന് ആരാഞ്ഞു . ഗൗഡ സാരസ്വത ബ്രാഹ്മണസമൂഹത്തിലെ അംഗങ്ങള്‍ നടത്തിയിരുന്ന കോമളവിലാസം ഹോട്ടലില്‍ നിന്നും വരുത്തിയതാണ് എന്ന് ആരോ ഒരാള്‍ അറിയിച്ചു. അത് കേട്ട് ഗുരുദേവന്‍, നന്നായി വരട്ടെ എന്ന് അനുഗ്രഹിച്ചു . ഗുരുവിന്റെ അഭൗമമായ ചൈതന്യത്തില്‍ ആകൃഷ്ടനായ ആ ബ്രാഹ്മണ സമൂഹത്തില്‍ നിന്നു വന്ന അനന്ത ഷേണായി ആണ് പില്‍ക്കാലത്ത് ഗുരുദേവനില്‍ നിന്ന് അവസാനമായി സന്യാസദീക്ഷ സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആനന്ദതീര്‍ഥ സ്വാമികള്‍ . ജാതീയത കൊടികെട്ടിവാണിരുന്ന കാലത്തു ഗുരുദേവന്റെ മഹത്ത്വം എല്ലാ സീമകളും അതിലംഘിക്കുവാന്‍ പോന്നതായിരുന്നു.

കാപ്പി കഴിച്ചു വിശ്രമിക്കുമ്പോള്‍ കൊറഗപ്പയുടെ ബന്ധുവായ ഒരുപെണ്‍കുട്ടി സ്വാമിയേ കാണാനെത്തി . ആ കുട്ടിയോട് തന്റെ പേര് എന്താണെന്നു ചോദിച്ച സ്വാമിജിയോട് ഈ കുട്ടി ഊമയാണെന്നു കുട്ടിയുടെ ബന്ധു അറിയിച്ചു . അവശേഷിച്ച കാപ്പിപ്പാത്രത്തില്‍ ഉണ്ടായിരുന്ന ഒരുതുള്ളി കാപ്പി ആ കുട്ടിക്ക് കൊടുക്കാന്‍ ഗുരുദേവന്‍ നിര്‍ദേശിച്ചു . വീണ്ടും കുട്ടിയുടെ പേരുചോദിച്ച സ്വാമിജിയോട് ആ കുട്ടി തന്റെ പേരുപറഞ്ഞു ..വളരെ സാന്ദര്‍ഭികമായി സംഭവിച്ച ഈ അത്ഭുത പ്രവര്‍ത്തി കണ്‍കുളിര്‍ക്കെ കാണുവാന്‍ ഇടയായ ജനസമൂഹം ഭക്തിയുടെ പാരാവശ്യത്താല്‍ ഇളകിമറിഞ്ഞു. അവര്‍ തങ്ങള്‍ക്കും ആ കാപ്പി വേണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏറെക്കുറെ ശൂന്യമായിരുന്ന ആ കപ്പില്‍ നിന്നും ഏവര്‍ക്കും പ്രസാദമായി പകര്‍ന്നു നല്‍കുവാന്‍ ,ഗുരുദേവന്‍ തന്റെ ശിഷ്യനായിരുന്ന ഗുരുപ്രസാദ് സ്വാമിയോട് നിര്‍ദ്ദേശിച്ചു.എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അത് എല്ലാപേര്‍ക്കും നല്‍കുവാന്‍ ഗുരുദേവന്റെ ആ വത്സല ശിഷ്യന് സാധിക്കുകയുണ്ടായി. !
ഭക്തിയെ യുക്തിവിചാരം ചെയ്യുക സാധ്യമല്ല , ഗുരുവിന്റെ മാഹാത്മ്യത്തെ നമ്മുടെ പരിച്ഛിന്നമായ ബുദ്ധിക്കു ഗ്രഹിക്കാന്‍ കഴിയുന്നില്ല എന്നുമാത്രം അറിയുക .ഏതായാലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ആ കാപ്പി പ്രസാദം ഇന്നും കുദ്രോളി ഗോകര്‍ണ്ണ നാഥ ക്ഷേത്രത്തില്‍ നിലനിന്നു പോരുന്നു.

ഗുരുദേവന്റെ പ്രിയ ശിഷ്യന്‍ ആയിരുന്ന ഗുരുപ്രസാദ് സ്വാമിജി ,ഒരിക്കല്‍ ഉഡുപ്പിയിലൂടെ യാത്ര ചെയ്യവേ , വഴിയില്‍ വച്ച് കാറ് കേടായി . പുറത്തിറങ്ങി വിശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും ആ നാട്ടുകാര്‍ ഒത്തുകൂടി . ആ പ്രദേശം ക്ഷേത്രത്തിനു പറ്റിയത് ആണല്ലോ എന്ന് അറിയിച്ചതിനനുസരിച്ചു ദാമു മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു ഭജന സംഘം രൂപീകൃതം ആകുകയും അത് പിന്നീട് കല്‍പാടി വിശ്വനാഥ ക്ഷേത്രമായി പ്രസിദ്ധി നേടുകയുമുണ്ടാക്കി ഗുരുദേവന്റെ വൈഭവം ദേശ കാലങ്ങള്‍ക്ക് അതീതമായി പ്രചരിക്കുക ആയിരുന്നു . ആ മഹിത ജീവിത കാലയളവില്‍ സംഭവിച്ച കാര്യങ്ങളെ അത്ഭുതത്തോടെ മാത്രമേ നോക്കി കാണുവാന്‍ കഴിയു എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിച്ചുകൊണ്ട് ബ്രഹ്മശ്രീ ബ്രഹ്മശ്രീ സത്യാനന്ദ തീര്‍ത്ഥ സ്വാമിജി തന്റെ വാക്കുകളെ ഗുരുപാദത്തില്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന് , ഭോപ്പാലില്‍ നിന്നും ഡോ . ശശിധരനും ചിക്കാഗോയില്‍ നിന്നുള്ള ശ്രീ അപ്പുക്കുട്ടന്‍ ശേഖരനും സത്സംഗത്തിനു ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയുണ്ടായി. ശ്രീമതി ബിന്ദു കൃഷ്ണന്റെ അതിമനോഹരമായ ‘ശിവശതകം ‘ ആലാപനത്തോടെ സത്സംഗ പരിപാടികള്‍ പരിസമാപിച്ചു. ശ്രീ. സാജന്‍ നടരാജന്‍ സത്സംഗത്തിനു പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം എന്ന ഈ സത്സംഗ സംഗമം , ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ട് ഒന്‍പതാം വാരത്തിലേക്ക് കടക്കുമ്പോള്‍ , ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന ആശ്രമം ഭാരവാഹികള്‍ക്കും വിശിഷ്യാ പരമ പൂജനീയനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമിജിക്കും ഒരിക്കല്‍ കൂടി സ്നേഹാദരവുകള്‍ അര്‍പ്പിക്കുന്നു. ഒപ്പം , ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കള്‍ക്കും പ്രണാമം ….ഓം ശ്രീനാരായണ പരമ ഗുരുവേ നമഹ:

അടുത്ത ആഴ്ച, ജൂണ്‍ 7 ഞായറാഴ്ച , ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ നമ്മോട് സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.