വീട്ടമ്മയുടെ കൊലപാതകം : അകന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കുടുംബവുമായി അകന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണ ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

പരിചയമില്ലാത്ത ആരു വന്നാലും വീട്ടമ്മ വാതില്‍ തുറക്കാറില്ലായിരുന്നുവെന്ന് ബന്ധുക്കളും അയല്‍ക്കാരും പൊലീസിനോട് പറഞ്ഞിരുന്നു. ഈ വിവരം വച്ചാണ് അന്വേഷണം പരിചയക്കാരെ ചുറ്റിപ്പറ്റിയാക്കിയതെന്ന് പൊലീസ് പറയുന്നു. സിസിറ്റിവി ദൃശ്യങ്ങള്‍ നല്‍കിയ സൂചന വച്ചാണ് ബിലാലിലെത്തിയത്. കുടുംബവുമായ ദീര്‍ഘനാളായി പരിചയമുണ്ടായിരുന്ന ഇയാള്‍ കൃത്യം നടന്ന ദിവസം മോഷണത്തിനായി ഇവിടെയെത്തി.

വീട്ടമ്മയായ സാലിയോട് വെള്ളം ആവശ്യപ്പെട്ടു. ഇവര്‍ വെള്ളമെടുക്കാനായി പോയപ്പോള്‍ ഭര്‍ത്താവ് സാലിയെ വീട്ടിലെ ടീപ്പോയുടെ കാല് വച്ച് അടിച്ചു വീഴ്ത്തി. ഇതുകണ്ട് വെള്ളവുമായെത്തിയ ഷീബയെയും അടിച്ച് വീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതിന് പുറമ, ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. പ്ലംബ്ലിംഗ്, ഇലക്ട്രിക് വര്‍ക്കുകളില്‍ പരിചയമുള്ള ബിലാല്‍ മരണം ഉറപ്പാക്കാനായാണ് ഷോക്കടിപ്പിക്കുകയും പിന്നീട് ഗ്യാസ് തുറന്ന് വച്ച് കടന്നു കളയുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഒരു ജുവൈനല്‍ കേസിലും പ്രതിയായിരുന്നു ബിലാല്‍.

കോട്ടയത്ത് നിന്ന് എറണാകുളത്തെത്തിയ പ്രതിക്ക് പാചകം അറിയാം എന്നതിനാല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലി ലഭിച്ചു. അതേ ഹോട്ടലിലെ പാചകക്കാരന്‍ പെട്ടെന്ന് അവധിയിലായിരുന്നുവെന്നതും പ്രതി ബിലാലിന് മറ്റ് കാര്യങ്ങളൊന്നും അന്വേഷിക്കാതെ തന്നെ പെട്ടെന്ന് ജോലി ലഭിക്കാന്‍ കാരണമായി. അതുകൊണ്ടുതന്നെ ഇടപ്പള്ളി കുന്നുംപുറത്ത് ഒരു വീട്ടില്‍ താമസവും പെട്ടെന്ന് ശരിയായി. പ്രതിയുടെ കൂടെ ഇവിടെ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ ഒളിവ് ജീവിതം. അതേസമയം കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ് പ്രതിയിലെത്തുകയായിരുന്നു.