ആന ചരിഞ്ഞ സംഭവം ; മലപ്പുറത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്

മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗിലാണ് മലപ്പുറത്തിനെതിരായ പ്രചാരണങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ഉയരുന്നത്. #Istandwithmalappuram എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണിപ്പോള്‍. പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി മലപ്പുറം ജില്ലയെ ആണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.

‘മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തില്‍ കൊന്നൊടുക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണ്. സംസ്ഥാനത്ത് ദിനംപ്രതി മൂന്ന് ആനകള്‍ കൊല്ലപ്പെടുന്നുണ്ട്. അറുനൂറോളം ആനകളാണ് സംസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടത്.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് ആന ചരിഞ്ഞ സംഭവം. എന്തുകൊണ്ട് അദ്ദേഹം വിഷയത്തില്‍ ഇടപെട്ടില്ല’ -ഇതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്താവന. ഇതിനു പിന്നാലെ സംഘപരിവാര്‍ ഗ്രൂപ്പുകളും സമാനമായ രീതിയില്‍ കുപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് ഇപ്പോള്‍. അതേസമയം മലപ്പുറം ജില്ലക്കെതിരെയുള്ള മനേക ഗാന്ധിയുടെ പ്രചാരണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനാലാണ് വസ്തുത ബോധ്യപ്പെട്ടിട്ടും മുന്‍ നിലപാടില്‍ നിന്നും അവര്‍ പിന്നാക്കം പോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.