കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് ഉടമയും മകനും ഒളിവില്‍ ; പൈനാപ്പിളല്ല ; ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം
പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീമും മകന്‍ റിയാസുദ്ദീനും ഒളിവില്‍. കേസില്‍ എസ്റ്റേറ്റ് തൊഴിലാളി വില്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്. ഇവര്‍ മറ്റ് മൃഗങ്ങളെ വേട്ടയാടിയതായുള്ള വിവരവും പുറത്തുവന്നു. ആനയ്ക്ക് പരുക്കേറ്റത് മെയ് പന്ത്രണ്ടിനാണെന്ന് വില്‍സണ്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അബ്ദുള്‍ കരീമിനും മകനും അറിയാമായിരുന്നു. ഇരുവരേയും മൊബൈലില്‍ ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഇവരുടെ അറസ്റ്റ് വൈകീട്ടോടെ ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.
അതേസമയം ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് തേങ്ങാ പടക്കമെന്ന് വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സന്റേതാണ് വെളിപ്പെടുത്തല്‍. ഇയാളാണ് സ്‌ഫോടക വസ്തു നിര്‍മിച്ച് നല്‍കിയത്. പന്നിയെ പിടികൂടാനാണ് തേങ്ങക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചതെന്നും ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പൈനാപ്പിളില്‍ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനക്ക് പരുക്കേറ്റതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പന്നിയെ കൊല്ലാന്‍ തേങ്ങയില്‍ വച്ച പന്നിപ്പടക്കം അബദ്ധത്തില്‍ കടിച്ചാണ് ആനയ്ക്ക് പരുക്കേറ്റത്. അമ്പലപ്പാറ എസ്റ്റേറ്റില്‍ പന്നിയെ കൊല്ലുന്നതിനായി തേങ്ങയില്‍ പടക്കംവയ്ക്കുന്നത് സ്ഥിര സംഭവമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തേങ്ങ രണ്ടായി പകുത്ത് അതില്‍ പന്നിപ്പടക്കം വച്ചാണ് നല്‍കിയിരുന്നത്. പടക്കം പൊട്ടി ചാവുന്ന പന്നിയുടെ ഇറച്ചി ഇവര്‍ വില്‍പന നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
മെയ് 27നാണ് പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പരുക്കേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്‍ക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാന്‍ സാധിച്ചിരുന്നില്ല.
നിലമ്പൂര്‍ സെക്ഷന്‍ വനപാലകന്‍ മോഹന്‍ കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. വിശപ്പ് സഹിക്കാനാകാതെ ആ കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് തീറ്റ തേടിയെത്തിയെങ്കിലും ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഒരാള്‍ അറസ്റ്റിലായത്. ആന ചരിഞ്ഞതിനെ തുടര്‍ന്ന്, മലപ്പുറത്തിനെതിരെ സോഷ്യല്‍മീഡിയയിലും ദേശീയമാധ്യമങ്ങളിലും വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ രീതിയിലുള്ള പോസ്റ്റുകളും വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു.