തെളിവുകള്‍ ഇല്ല ; മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് സുപ്രധാനമായ വിധി പ്രസ്താവം. കൂറ്റേരിയിലെ ഷാജി, വിനേഷ്,സെല്‍വരാജ്, അരവിന്ദന്‍, രതീഷ്, സജീവന്‍ തുടങ്ങി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 38 പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

ഇ.പി ജയരാജന്‍ സഞ്ചരിച്ച കാറിന് നേരെയാണ് ബോംബേറ് ഉണ്ടായതെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. എന്നാല്‍, ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കേസില്‍ പതിമൂന്നാം സാക്ഷിയായിരുന്നു. പക്ഷേ, മന്ത്രിയെ വിസ്തരിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി അഡ്വ.കെ.സുനില്‍കുമാര്‍, അഡ്വ പി.പ്രേമരാജന്‍ എന്നിവരാണ് ഹാജരായത്.

ഇതില്‍ ഇരുപത്തിയൊന്നാം പ്രതി വിനയന്‍ പിന്നീട് രാഷ്ട്രീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിനയന്റെ സഹോദരന്‍ ഇരുപതാം പ്രതിയായ സന്തോഷ് രണ്ടു മാസങ്ങള്‍ക്കു മുമ്പ് അസുഖബാധിതനായി മരിക്കുകയും ചെയ്തു. ബാക്കി 36 പ്രതികളാണ് വിചാരണ നേരിട്ടത്. 2000 ഡിസംബര്‍ രണ്ടിന് പാനൂര്‍ എലാങ്കോട്ടാണ് സംഭവം. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇ.പി ജയരാജന്‍ രക്തസാക്ഷി ദിനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ബോംബേറ് ഉണ്ടായത്.