തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ്സുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

നെയ്യാറ്റിന്‍കര വെള്ളറടയില്‍ ആണ് സംഭവം. ആറാട്ടുകുഴി തെക്കേ പുത്തന്‍വീട്ടില്‍ രാജ് കുമാര്‍ – ഷീബ ദമ്പതികളുടെ മൂത്ത മകന്‍ ഷിബിന്‍ രാജാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഷീബ തൊഴിലുറപ്പ് തൊഴിലിനും രാജ് കുമാര്‍ നിര്‍മ്മാണ ജോലിക്കും പോയിരിക്കുകയായിരുന്നു. സംഭവസമയം ഷിബിന്‍ രാജിന്റെ ഇളയ സഹോദരങ്ങളായ അഭിന്‍ രാജ്, അഭിതാരാജ് എന്നിവര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനിന്ന ജ്യേഷ്ഠന്റെ കഴുത്തിലെ കയറിനെ അഭിന്‍രാജാണ് അറുത്തു മാറ്റിയത്. തൊഴിലുറപ്പ് തൊഴില്‍ കഴിഞ്ഞ് എത്തിയ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും മരിച്ചിരുന്നു.

കളിച്ചു കൊണ്ടിരുന്നപ്പോള്‍ ചേട്ടന്‍ മുറിയില്‍ കയറി കതകടക്കുകയായിരുന്നു എന്നാണ് ഇളയ കുട്ടിയായ അഭിന്‍രാജ് പൊലീസിനോട് പറഞ്ഞത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.