കൊറോണ കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര

കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതുവരെ 85,975 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡിന്റെ ഉല്‍ഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയിലാകട്ടെ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3007 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. 91 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയര്‍ന്നു. ചൈനയിലെ മരണസംഖ്യ ഇതുവരെ 4,638 ആണ്.

ഇന്ത്യയില്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയില്‍ മാത്രം 48,774 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഇപ്പോള്‍ ആക്ടീവായ കേസുകള്‍ 25,940 ആണ്. മരണ സംഖ്യ 1,638. മുംബൈക്ക് പിന്നാലെ താനെയിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. 13,014 കേസുകളാണ് താനെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7,846 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. മരണ സംഖ്യ 331ഉം.

അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗം അതിവേഗത്തില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. 287 മരണവും റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ വരെ രാജ്യത്ത് കോവിഡ് ഭീഷണി നിലനില്‍ക്കുമെന്നാണ് ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 9971 കോവിഡ് കേസും 287 മരണവുമാണ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളുടെ 9000 ത്തിന് മുകളിലാവുന്നത്.